ഉയർന്ന പെൻഷന്റെ ഓപ്ഷന് അപേക്ഷിക്കുന്ന ഓൺലൈൻ സംവിധാനം ഉപയോഗ സൗഹൃദമാകണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഉയർന്ന പെൻഷന്റെ ഓപ്‌ഷനായി ഇപിഎഫ് ഓൺലൈൻ പോർട്ടൽ വഴി 2023 മാർച്ച് 9 വരെ ലഭിച്ചത് 1,20,279 അപേക്ഷകൾ. ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഈ വിവരങ്ങൾ രേഖാമൂലം അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പി എഫ് പെൻഷനായുള്ള ഓപ്‌ഷൻ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത്.

സങ്കീർണ്ണമായ ഓൺലൈൻ പ്രക്രിയ പൂർത്തീകരിക്കേണ്ടതിനാലാണ് അപേക്ഷകളിൽ കുറവ് വന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. നിലവിൽ ഹയർ ഓപ്ഷൻ സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഓൺലൈൻ വഴി ആയതിനാൽ പ്രായമായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ ഇത്തരക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് മാർച്ച് 8-ന്‌ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു. ഇപിഎഫ് സ്കീമിന്റെ ഖണ്ഡിക 26(6) പ്രകാരം ഓൺലൈൻ പോർട്ടലിൽ ജോയിന്റ് ഓപ്‌ഷൻ പ്രൂഫ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള വ്യവസ്ഥ പിൻവലിക്കണമെന്നും നിലവിലുള്ള ഓൺലൈൻ സൗകര്യം പരിഷ്‌കരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here