എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ 2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലാണ്. പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ തങ്ങളുടെ വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടു എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഇത്തവണ 68.27 ശതമാനം വോട്ടാണ് പോൾ ചെയ്‌തത്.
2004ലാണ് എറണാകുളത്ത് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്- 61.63%. ഇടതുമുന്നണിയിലെ ഡോ. സെബാസ്ത്യന്‍ പോള്‍ 70099 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അന്ന് പാര്‍ലമെന്റില്‍ എത്തി. 2009 ല്‍ 72.78% വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന കെ വി തോമസ് 11790 വോട്ടുകള്‍ക്ക് വിജയിച്ചു.
2014-ല്‍ പോളിംഗ് 75% ശതമാനത്തിലേക്ക് ഉയര്‍ന്നപ്പോള്‍ 87000 വോട്ടിന്റെ വര്‍ദ്ധിച്ച ഭൂരിപക്ഷത്തില്‍ കെ വി തോമസ് വിജയം ആവര്‍ത്തിച്ചു. റെക്കോര്‍ഡ് പോളിംഗ് ആയ 76.6% എത്തിയ 2019ല്‍ 169000 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഹൈബി ഈഡന്‍ ലോകസഭയിലെത്തി. ഉയര്‍ന്ന പോളിംഗ് വലത് മുന്നണിക്ക് മികച്ച വിജയം. ശരാശരിക്ക് താഴെയായാല്‍ ചെങ്കൊടി പാറും.
Also Read : ചാലക്കുടിയിൽ വൻ അഗ്നിബാധ; തീ നിയന്ത്രണ വിധേയം
ഇതാണ് എറണാകുളത്തിന്റെ ചരിത്രം. ഇതിലാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷയും യു ഡി എഫിന്റെ ആശങ്കയും. പ്രദേശം തിരിച്ച് വിലയിരുത്തിയാലും ഇടതുമുന്നണിക്ക് പ്രതീക്ഷിക്കാം. പറവൂര്‍ , കളമശ്ശേരി , വൈപ്പിന്‍ എന്നിവിടങ്ങളില്‍ 70% കടന്നപ്പോള്‍, യു ഡി എഫ് ആധിപത്യ നഗര മേഖലയില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞു. ഇതില്‍ പറവൂര്‍ ഇടതു സ്ഥാനാര്‍ത്ഥി കെ ജെ ഷൈന്‍ ടീച്ചറുടെ തട്ടകമാണ് എന്നതും ശ്രദ്ധേയം
എന്നാല്‍ യു ഡി എഫും മികച്ച പ്രതീക്ഷയില്‍ തന്നെയാണ്. എത്ര പോളിംഗ് കുറഞ്ഞാലും 169000 എന്ന കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷം മറികടക്കാന്‍ എതിരാളികള്‍ക്ക് ആവില്ലെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. വേനല്‍ ചൂട്, വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക തകരാര്‍ പോലുള്ള രാഷ്ട്രീയേതര കാരണങ്ങളാണ് പോളിംഗിലെ ഇടിവിന് കാരണമെന്നാണ് യു ഡി എഫ് വിലയിരുത്തല്‍.
മരവിച്ച വോട്ടുകള്‍ ആരുടേതെന്ന് എന്നറിയാന്‍ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പ്രധാന മുന്നണികള്‍ കടന്നു. ഇതിന് ശേഷം മാത്രമേ പോളിംഗ് ഇടിവിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here