എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിൽ വീണ്ടും സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. നിരാഹാര സമരമിരുന്ന വൈദികരെ പൊലീസ് നീക്കിയതിന് പിന്നാലെയാണ് സംഘർഷം.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് എറണാകുളം ബിഷപ്പ് ഹൗസിൽ നിരാഹാരസമരം നടത്തിയ 21 വൈദികരെ പൊലീസ് നീക്കിയത്. പിന്നാലെ ബലം പ്രയോഗിച്ചാണ് വൈദികരെ മാറ്റിയതെന്ന് ആരോപിച്ച് വിമത വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
Also Read: എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ സംഘർഷം; നിരാഹാര സമരമിരുന്ന വൈദികരെ നീക്കം ചെയ്തു
സമവായ ചർച്ചയ്ക്ക് മുൻകൈയെടുക്കാൻ തയ്യാറെന്ന് എ സി പി ജയകുമാർ പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും ബസിലിക്ക പള്ളിക്ക് പുറത്ത് അവർ നിലയുറപ്പിച്ചു.
തുടർന്ന് ബിഷപ്പ് ഹൗസിന് ഉള്ളിലേക്ക് പ്രതിഷേധക്കാർ തള്ളി കയറാൻ ശ്രമിച്ചു. ഗേറ്റ് അടച്ച് പോലീസ് പ്രതിരോധിച്ചതോടെ പ്രതിഷേധക്കാർ റോഡിലേക്ക് ഇറങ്ങി. മേജർആർച്ച് ബിഷപ്പും അപ്പോസ്ഥലിക് അഡ്മിനിസ്ട്രേറ്ററും എതിർഭാഗത്ത് ഉണ്ടെങ്കിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.
Also Read: മലപ്പുറത്ത് ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം
ഏകീകൃത കുർബാന വിഷയത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരസമരം. കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ സിറോമലബാർ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളിൽ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വൈദികരെ സസ്പെൻഡ് ചെയ്തതെന്നും നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികർ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here