എറണാകുളം ചേന്ദമംഗലത്ത് നടന്നത് അതിക്രൂരമായ കൂട്ടക്കൊലയെന്ന് പോലീസ്. കൊല്ലപ്പെട്ട മൂന്നു പേരുടെയും കഴുത്തിനു മുകളില്‍ ആഴത്തിലുള്ള മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ പ്രതി റിതു ജയനെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കരിമ്പാടത്തെ ബന്ധുവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം അഞ്ചുമണിക്ക് സംസ്‌കരിക്കും. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ നാലു പേരെ അയല്‍വാസിയായ റിതു വീട്ടില്‍ കയറി ആക്രമിച്ചത്. വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
മൂന്ന് പേര്‍ക്കും തലയിലും മുഖത്തുമാണ് ഗുരുതര പരുക്കേറ്റത്. വേണുവിന്റെ തലയില്‍ 6 മുറിവുകളും വിനിഷയുടെ തലയില്‍ 4 മുറിവുകളും ഉഷയുടെ തലയില്‍ 3 മുറിവുകളുമുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ഇരുമ്പ് വടി കൊണ്ട് പലതവണ മര്‍ദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. കൃത്യം നടത്തുന്ന സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈകീട്ട് പറവൂര്‍ കോടതിയില്‍ ഹാജരാക്കും.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കരിമ്പാടത്തെ ബന്ധുവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം അഞ്ചുമണിക്ക് വൈപ്പിന്‍ മുരിക്കും പാടം ശ്മശാനത്തില്‍ സംസ്‌കരിക്കും. അതേസമയം ആക്രമണത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here