പെട്രോള്‍, ഡീസല്‍ , എല്‍പിജി, സിഎന്‍ജി, ഇല്കട്രിക് തുടങ്ങിവയ്ക്ക് പുറമെ പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ പുറത്തിറങ്ങുന്നു. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ടൊയോട്ട ഇന്നോവയാണ് എഥനോള്‍ ഇന്ധനമാക്കി വിപണിയിലിറങ്ങുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. എഥനോള്‍ വേരിയന്‍റ് ആഗസ്റ്റ് 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് ഫ്‌ലെക്സ് ഫ്യുവല്‍ വെഹിക്കിളാണ് ഇത്.
ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ മിശ്രിതം കലര്‍ത്തിയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ E100 എന്ന പദം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. സൂചിപ്പിക്കുന്നത്.
ജലരഹിതമായ ഈഥൈൽ ആൽക്കഹോളിനെയാണ് എഥനോൾ എന്നു പറയുന്നത്. കരിമ്പ്, ധാന്യങ്ങൾ എന്നിങ്ങനെ അന്നജം ധാരാളം അടങ്ങിയ ജൈവവസ്തുക്കളിൽനിന്നാണ് ഇതു നിർമിക്കുന്നത്. എഥനോൾ തന്മാത്രയിൽ ഓക്സിജൻ ഉള്ളതിനാൽ പൂർണമായ ജ്വലനം സാധിക്കുന്ന ഒരു ഇന്ധനമാണിത്. സൗരോർജം സ്വീകരിച്ചു വളരുന്ന ജൈവ വസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ എഥനോൾ പുനർജീവന ഇന്ധനമായി കണക്കാക്കപ്പെടുന്നു. ജ്വലനസ്വഭാവത്തിലുള്ള സമാനതമൂലം പെട്രോൾ എൻജിനുകളിൽ ഇത് ഇന്ധനമായി ഉപയോഗിക്കാൻ കഴിയും. ചെറിയ അളവിൽ പെട്രോളുമായി ചേർത്ത മിശ്രിതം മുതൽ എഥനോൾ മാത്രം വരെ ഉപയോഗിക്കുന്ന എൻജിനുകൾ പല രാജ്യങ്ങളിലും നിലവിലുണ്ട്.
ALSO READ: പുതിയ രൂപത്തില്‍ ടാറ്റ നെക്സോണ്‍, സെപ്തംബര്‍ 14ന് ഇന്ത്യയില്‍
വാഹന എൻജിനുകളിൽ എഥനോൾ ഉപയോഗിക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്. ജ്വലനശേഷം പുറന്തള്ളുന്ന വാതകങ്ങളിൽനിന്നുള്ള മലിനീകരണം എഥനോൾ ഉപയോഗിക്കുമ്പോൾ കുറവാണ്. നിലവിലുള്ള സാഹചര്യത്തിൽ ഖനനം െചയ്തെടുക്കുന്ന ഇന്ധനങ്ങളെക്കാൾ ഇതിനു ഗണ്യമായ വിലക്കുറവുണ്ട്. കൃഷി ചെയ്തു കിട്ടുന്ന ജൈവവസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ ദീർഘകാലത്തേക്കു ലഭ്യത ഉറപ്പുള്ള ഇന്ധനമാണ് എഥനോൾ.
എഥനോളിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം ചില പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാൻ ഇടയാക്കിയേക്കാം. ഇത് ഇന്ധനപമ്പുകൾ, ഇൻജക്ടറുകൾ, ഹോസുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കും. എഥനോളിന് ജ്വലനക്ഷമത പെട്രോളിനെക്കാൾ കൂടുതലുണ്ടെങ്കിലും ഊർജലഭ്യത കുറവാണ്. ഇത് ഇന്ധനക്ഷമത അൽപം കുറയാനിടയാക്കും.
ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താകണം ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് എത്രയും വേഗം ‘ഫ്ലെക്സ്’ എൻജിനുകൾ ലഭ്യമാക്കണമെന്ന് നിർമാതാക്കളോടു ഗവൺമെന്റ് നിർദേശിച്ചിരിക്കുന്നത്. ഫ്ലെക്സ് എൻജിനുകൾക്ക് രണ്ടു വ്യത്യസ്ത ഇന്ധനങ്ങളുടെ ഏത് അനുപാതത്തിലുള്ള മിശ്രിതവും ഉപയോഗിക്കാം. അതായത്, 100% പെട്രോളോ 100% എഥനോളോ ഇവയുടെ ഏത് അനുപാതത്തിലുള്ള മിശ്രിതമോ ഒരു ഫ്ലെക്സ് എൻജിൻ വാഹനത്തിന്റെ ടാങ്കിൽ നിറയ്ക്കാം. എൻജിന്റെ ഫ്യുവൽ ഇൻജക്‌ഷൻ സംവിധാനവും ഫ്യൂവൽ പൈപ്പുകളും എൻജിൻ നിയന്ത്രണ സംവിധാനവും ഇതിനനുയോജ്യമായ രീതിയിലായിരിക്കും.
പെട്രോൾ മാത്രം ഉപയോഗിക്കുമ്പോൾ ആവശ്യമായ ഇൻജക്‌ഷൻ മർദവും ആവൃത്തിയും എൻജിൻ ടൈമിങ്ങും ആയിരിക്കില്ല, എഥനോൾ മാത്രം ഉപയോഗിക്കുമ്പോൾ. ഇവയുടെ മിശ്രിതം ആകുമ്പോൾ അതിനനുസരിച്ച് ഫ്ലെക്സ് എൻജിന്റെ നിയന്ത്രണ യൂണിറ്റ് പ്രവർത്തനരീതി ക്രമീകരിക്കും. സിട്രോൺ ഇന്ത്യയിൽ ഇറക്കുന്ന രണ്ടാമത്തെ വാഹനമായ ചെറു എസ്‌യുവിക്ക് ഫ്ലെക്സ് എൻജിൻ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here