ഏകീകൃത കുര്‍ബാന അര്‍പ്പണം; മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് വീണ്ടും സിനഡ് നിര്‍ദേശം. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ചുമതലയേറ്റതിനു പിന്നാലെയാണ് നിര്‍ദേശം. സിനഡ് തീരുമാനം സംബന്ധിച്ച് അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. അടുത്ത ഞായറാഴ്ച്ച അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും സ്ഥാപനങ്ങളിലും സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സിറോമലബാര്‍ സഭാസിനഡിന്റെ സമാപന ദിവസമായ 13നാണ് അതിരൂപതയ്ക്കു കീഴിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സിനഡിലെ ബിഷപ്പുമാര്‍ ഒപ്പുവെച്ച സര്‍ക്കുലര്‍ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയത്. അതിരൂപയ്ക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും ക്രിസ്തുമസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാത്രമല്ല അടുത്ത ഞായറാഴ്ച്ച അതിരൂപതയ്ക്കു കീഴിലെ മുഴുവന്‍ ഇടവകകളിലും സ്ഥാപനങ്ങളിലും സര്‍ക്കുലര്‍ വായിക്കണമെന്നും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌ക്കോ പുത്തൂരിന്റെ സര്‍ക്കുലറിലുണ്ട്.

Also Read: കെ ഫോണ്‍ പദ്ധതിക്കെതിരായ ഹര്‍ജി; വി ഡി സതീശന് തിരിച്ചടി; പൊതുതാത്പര്യം എന്തെന്ന് കോടതി

പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാന തര്‍ക്കം കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പായിട്ടുണ്ട് അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന നിര്‍ദേശം ഒരു വര്‍ഷത്തിലേറെയായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതിനിടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവെച്ചത്. ഇക്കഴിഞ്ഞ സിനഡ് സമ്മേളനത്തില്‍ പുതുതായി ചുമതലയേറ്റ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ പ്രതീക്ഷയുണ്ടെന്ന് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ത്തന്നെയാണ് ഏകൃകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന തീരുമാനം ഉണ്ടായതെന്ന വിവരം പുറത്തുവന്നതോടെ ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News