സുഡാനിൽ നിന്ന് സ്വന്തം എംബസി ഉദ്യോഗസ്ഥരെ പൂർണമായും രക്ഷപ്പെടുത്തി അമേരിക്കയും ബ്രിട്ടനും

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ കപ്പലുകൾ അയച്ചത് പോലെ വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വടക്കൻ ഖാർത്തൂമിലെ വാദി സെദ്ന വ്യോമതാവളം കേന്ദ്രീകരിച്ചും പോർട്ട് ഓഫ് സുഡാൻ കേന്ദ്രീകരിച്ചുമാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ മുഴുവൻ എംബസി ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ജന്മനാടുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് നീക്കങ്ങളും അവസാന ഘട്ടത്തിലാണ്. യൂറോപ്യൻ യൂണിയൻ പ്രതിനിധികളെയടക്കം വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ എത്തിച്ച് അവിടെനിന്ന് രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം.

രക്ഷാനീക്കങ്ങൾക്കിടയിൽ ഇറാഖി പൗരൻ കൊല്ലപ്പെടുകയും ഫ്രഞ്ച്, ഈജിപ്റ്റ് എംബസി ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ഖത്തറിൽ നിന്നുള്ള നയതന്ത്ര പ്രതിനിധിയെ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്. സുഡാനിലെ പൗരൻമാർക്കും മറ്റ് വിദേശ പൗരൻമാർക്കും കിട്ടാത്ത സുരക്ഷ സൈന്യവും അർദ്ധ സൈനിക വിഭാഗവും എംബസി ഉദ്യോഗസ്ഥർക്ക് നൽകുന്നതിലും എതിർപ്പുള്ളതായാണ് സൂചന.

യുദ്ധസാഹചര്യം മനസ്സിലാക്കി മാത്രമായിരിക്കും ഇനി രാജ്യങ്ങളുടെ രക്ഷാപ്രവർത്തനം. പൗരന്മാർ സാഹസികമായി രക്ഷപ്പെടാൻ മുതിരരുതെന്നും നിർദ്ദേശം കിട്ടുന്നത് വരെ സുരക്ഷിത താവളങ്ങളിൽ തുടരണമെന്നും ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമത്തിന് അറുതി വേണമെന്നാണ് കഴിഞ്ഞ ദിവസം റോമിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പയുടെയും അഭിപ്രായ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here