ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ല: സുപ്രീംകോടതി

സഭയില്‍ വിശ്വാസവോട്ട് തേടാതെ രാജിവെച്ച സര്‍ക്കാറിനെ എങ്ങനെയാണ് വീണ്ടും തിരികെ അധികാരത്തിലെത്തിക്കുമെന്ന് ശിവസേനയോട് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ശിവസേനാ തര്‍ക്കത്തിന്റെ പേരില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ അവസാന വാദം കേള്‍ക്കുകയായിരുന്നു കോടതി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പോലും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സഭക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരിക്കണം എന്നതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ അംഗീകരിച്ച ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.

ശിവസേന പൂര്‍ണമായും ബിജെപിയിലേക്ക് പോയിരുന്നെങ്കില്‍, ഗവര്‍ണര്‍ക്ക് വിശ്വാസവോട്ട് തേടാം. എന്നാല്‍ ഒരു വിഭാഗത്തിന്റെ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് അംഗീകാരം നല്‍കുന്നതായിരുന്നു ഗവര്‍ണറുടെ നടപടി. അത് അവര്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കുന്നതായി മാറി എന്നും കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിമതര്‍ക്ക് സര്‍ക്കാറില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു ചെയ്യേണ്ടത്. അതിന് തയ്യാറാവാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ നടത്തിയ നീക്കമാണിതെന്ന് സിബല്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News