പാകിസ്ഥാനിൽ തുടരുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി പട്ടാള ഭരണത്തിലേക്ക് നയിച്ചേക്കും എന്ന് സൂചന. പട്ടാളം ഭരണം പിടിച്ചെടുക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഷഹീദ് അബ്ബാസി. സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തർക്കവും സൈന്യത്തെ ചൊടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പാകിസ്ഥാനിൽ രാഷ്ട്രീയമായി ഷഹബാസ് ഷെരീഫ് സർക്കാരും പ്രതിപക്ഷ നേതാവ് ഇമ്രാൻഖാനും തമ്മിൽ തർക്കം തുടരുകയാണ്. കഴിഞ്ഞവർഷം നേരിട്ട വെള്ളപ്പൊക്കം കടുപ്പിച്ച സാമ്പത്തിക പ്രതിസന്ധിയും പാകിസ്ഥാനെ ദുരിതക്കയത്തിൽ ആക്കിയിരിക്കുകയാണ്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് 650 കോടി ഡോളർ കടം വാങ്ങി പ്രതിസന്ധി പരിഹരിക്കാം എന്നാണ് സർക്കാരിൻറെ പ്രതീക്ഷ. എന്നാൽ കടം നൽകാൻ ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളെല്ലാം പാകിസ്ഥാനെ കൂടുതൽ നട്ടംതിരിക്കുന്നതാണ്. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ അലട്ടുന്ന പാകിസ്ഥാന്റെ ഭരണം സൈന്യം തിരികെ പിടിച്ചെടുക്കും എന്നാണ് മുൻ പ്രധാനമന്ത്രി ഷഹീദ് അബ്ബാസിയുടെ മുന്നറിയിപ്പ്. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിനായില്ലെങ്കിൽ പട്ടാള നിയമം നടപ്പാക്കപ്പെടുമെന്നും അബ്ബാസി ആശങ്കപ്പെടുന്നുണ്ട്.
പാകിസ്ഥാനിൽ എന്നും അധികാരത്തിന്റെ കടക്കോൽ സൈന്യത്തിന്റെ കയ്യിൽ തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ജയിച്ചതാണെങ്കിലും സൈന്യത്തിനൊപ്പം നിന്നാൽ അധികാരം കൈപ്പിടിയിൽ ആവുകയും സൈന്യത്തെ പിണക്കിയാൽ അധികാരം നഷ്ടപ്പെടുകയും ചെയ്യുന്നതാണ് പാകിസ്ഥാൻ ജനാധിപത്യം. അതുകൊണ്ടുതന്നെ നിലവിലെ ഭരണ പാർട്ടിയുടെ പ്രമുഖ നേതാവിൻറെ പ്രതികരണം ചില ദുസൂചനകളുടെ പുറന്തള്ളൽ തന്നെയെന്ന് വ്യക്തം.
പാകിസ്ഥാനിലെ സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള യുദ്ധവും മുറുകുകയാണ്. സുപ്രീംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ഷഹബാസ് ഷെരീഫിന്റെ നീക്കം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞദിവസം പ്രസിഡൻറ് ഉമർ ബന്തിയാൽ മടക്കി അയച്ചിരുന്നു. സർക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തർക്കവും പട്ടാളത്തെ ചൊടിപ്പിക്കുന്നുണ്ട്. പിറവിയെടുത്ത് 75 വർഷത്തിനിടയിൽ പകുതി കാലവും പട്ടാളം ഭരിച്ച പാകിസ്ഥാനിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയിലാണ് ലോകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here