ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ എക്സൈസ് സേന ഒരുക്കിയതായി തദ്ദേശ സ്വയം ഭരണ  മന്ത്രി എം ബി രാജേഷ് . സ്കൂള്‍ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താൻ ആവശ്യമായ വിവിധ നടപടികളാണ് എക്സൈസ് സ്വീകരിച്ചത്. അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന റീജിയണൽ ജ്യൂഡിഷ്യൽ കൊളോക്യം നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ എക്സൈസ് സേന തയ്യാറാക്കി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹ്യ നീതി, പോലീസ്, മെഡിക്കൽ എഡ്യൂക്കേഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കൊപ്പം ഈ എസ് ഒ പി നടപ്പിലാക്കാനാവശ്യമായ നേതൃപരമായ ഇടപെടൽ എക്സൈസ് വകുപ്പിൽ നിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

also read: വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മയക്കുമരുന്നിന്റെ കെണിയിൽ കുട്ടികള്‍ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹമാകെ പുലർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. കുട്ടികളുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും നിരന്തര ശ്രദ്ധയും നിരീക്ഷണവും ഉറപ്പാക്കാൻ എല്ലാ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. സ്കൂള്‍ പരിസരത്തും പൊതുവിടങ്ങളിലും പരമാവധി പരിശോധനയും നിരീക്ഷണവും എക്സൈസ് വകുപ്പും മറ്റ് സേനകളും ഉറപ്പാക്കിയിട്ടുണ്ട്. അധ്യാപകർ, പി ടി എ, വിദ്യാർഥി സംഘടനകള്‍, വിവിധ ക്ലബ്ബുകള്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് തുടങ്ങി വിവിധ സംഘടനകള്‍ക്കും ശ്രദ്ധേയമായ പങ്ക് ഇക്കാര്യത്തിൽ വഹിക്കാനാവും. വിദ്യാർഥികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനുള്ള സർക്കാരിന്റെ ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാൻ ഏവരും തയ്യാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

also read: അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

എക്സൈസ് സ്വീകരിച്ച നടപടികള്‍

1. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി പുകയില ഉൽപ്പന്നങ്ങളോ മറ്റ് ലഹരി വസ്തുക്കളോ കുട്ടികൾക്കോ മറ്റുളളവർക്കോ വില്പന നടത്താൻ സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന് എക്സൈസ് സേന ഉറപ്പാക്കി. ഈ നിരീക്ഷണം തുടരും.

2. സ്കൂൾ പരിസരം, സമീപമുള്ള കച്ചവട സ്ഥാപനങ്ങൾ, അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾ, മറഞ്ഞിരിക്കാൻ പറ്റുന്ന ഇടങ്ങൾ, കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന പൂർത്തിയാക്കി. ഈ പരിശോധന കൃത്യമായ ഇടവേളകളിൽ തുടരും.

3. സ്കൂളുകളിൽ രാവിലെ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് തുടങ്ങി ക്ലാസ്സ് ആരംഭിച്ച് അരമണിക്കൂർ കഴിയും വരെയും, വൈകിട്ട് ക്ലാസ്സ് അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് തുടങ്ങി ക്ലാസ്സ് കഴിഞ്ഞ് അരമണിക്കൂർ വരെയും, സ്കൂൾ പരിസരങ്ങളിൽ എക്സൈസ് പട്രോളിംഗ് ഉറപ്പുവരുത്തും.

4. മേൽ പരിശോധനകൾക്ക് പുറമേ എക്സൈസ് ഉദ്യോഗസ്ഥർ, പൊലീസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായിക്കൂടി സഹകരിച്ച് വാഹന പരിശോധനയും സംഘടിപ്പിക്കും.

5. സ്കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങി നടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇത്തരം സംശയാസ്പദമായ പെരുമാറ്റമുള്ളവർ ഏതൊക്കെ സ്കൂൾ വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്നും പരിശോധിക്കും.

6. സംസ്ഥാനത്ത് 5440 സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും, 847 സെൻട്രൽ സിലബസ് സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകളുണ്ടെന്നും കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്നും ഉറപ്പാക്കും.

7. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് നിംഹാൻസ് പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ മുഖേന കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും കൗൺസിലിംഗ് നൽകും. ആവശ്യമെങ്കിൽ മറ്റ് പരിഹാര മാർഗ്ഗങ്ങളിലേക്കും എക്സൈസ് സേനാംഗങ്ങള്‍ കടക്കും.

8. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 899 ലഹരിവിരുദ്ധ ക്ലബ്ബുകൾ കോളേജുകളിൽ രൂപീകരിച്ചിട്ടുണ്ട്. കോളേജ് തലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കായി നേർക്കൂട്ടം എന്ന പേരിൽ കമ്മിറ്റികൾ കോളജ് കാമ്പസുകളിലും, ശ്രദ്ധ എന്ന പേരിൽ കമ്മിറ്റികൾ കോളേജ് ഹോസ്റ്റലുകളിലും രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ, ഹോസ്റ്റൽ വാർഡൻമാർ, തദ്ദേശസ്ഥാപന പ്രതിനിധി, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതികളിൽ അംഗങ്ങളാണ്. ഈ സമിതി കോളേജുകളിലെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതോടൊപ്പം ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുളള പ്രവർത്തനങ്ങളും നടത്തുന്നു.

9. കുട്ടികളെ ലഹരിയുടെ മാർഗ്ഗത്തിൽ നിന്ന് മാറ്റി കായിക ലഹരിയിലേക്ക് കൊണ്ട് വരുന്നതിനായി ടീം വിമുക്തി എന്ന പേരിൽ ഇതുവരെ 1000 സ്കൂളുകളിൽ സ്പോർട്ട്സ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം വീണ്ടും 500 സ്കൂളുകളിൽ കൂടി സ്പോർട്ട്സ് ടീമുകൾ കൂടി രൂപീകരിക്കും. പ്രവർത്തനം ശക്തമാക്കും.

10. എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ കൗൺസെലിങ്ങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മെന്റേഴ്സ് ആയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകിയിട്ടുണ്ട്. 2022 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ ഈ വിമുക്തി മെന്റേഴ്സ് കുട്ടികൾ ഉൾപ്പെടെ 3464 പേർക്കാണ് കൗൺസെലിങ്ങ് നൽകിയത്. കൂടാതെ ‘നേർവഴി’ പദ്ധതിയുടെ ഭാഗമായി 180 വിദ്യാർത്ഥികൾക്കും കൗൺസിലിങ്ങ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ടും ടെലിഫോണിലും കൗൺസിലിംഗ് നൽകുന്നതിന് 3 മേഖലാ കൗൺസിലിംഗ് സെന്ററുകൾ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ) എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. 2023-ലും 2024-ഏപ്രിൽ വരെയുമായി 18 വയസ്സിന് താഴെയുള്ള 340 പേർക്ക് ഈ മേഖലാ കൗൺസെലിങ്ങ് സെന്ററുകളിലൂടെ നേരിട്ട് കൗൺസിലിംഗ് നൽകി.

11. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൌൺസിലിംഗിന് ആശ്രയിക്കാവുന്ന ടോള്‍ ഫ്രീ നമ്പർ – 14405 . ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനോ സഹായത്തിനോ എക്സൈസ് കൺട്രോള്‍ റൂം നമ്പർ 9447178000 ലും ബന്ധപ്പെടാം. വിദ്യാർഥികളിൽ ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക് രഹസ്യമായി വിവരം കൈമാറാൻ 9656178000 എന്ന നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നതിന് അനുസരിച്ച് നിംഹാൻസ് പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ രഹസ്യമായി വിദ്യാർഥിയെ നിരീക്ഷിക്കുകയും, ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ ആവശ്യമായ കൌൺസിലിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു.

ജുഡീഷ്യൽ കൊളോക്യം പ്രകാരം നടപ്പാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ

ഹൈക്കോടതി ജഡ്ജിമാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന റീജിയണൽ ജുഡീഷ്യൽ കൊളോക്യം യോഗത്തിന്റെ നിർദ്ദേശാനുസരണം ലഹരി ഉപയോഗം സംശയിക്കുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് കൗൺസെലിങ്ങ് നൽകുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും, സ്കൂളുകളിൽ 2024-25 വർഷം നടപ്പിലാക്കുന്നതിനുളള ഒരു വാർഷിക പ്രവർത്തന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയുക, കുട്ടികള്‍ക്കാവശ്യമായ കൗണ്‍സിലിംഗ് നല്‍കുക, വിദ്യാലയങ്ങളിലും പരിസരത്തും ഉള്ള ലഹരിയുടെ കടന്നു വരവിനെ തടയുക , ലഹരിമുക്ത ചികിത്സ , ലഹരിയില്‍ നിന്നും മുക്തരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുക, എന്നിവ വിവിധ സര്‍ക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപനത്തോടെ നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്കൂളുകളിൽ നടപ്പിലാക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു വാർഷിക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ അദ്ധ്യയന വര്‍ഷം മുതൽ SOP പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും, വാര്‍ഷിക പദ്ധതി പ്രകാരമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ലഹരി വസ്തുക്കളെ പ്രതിരോധിക്കുക (Prevention), ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞു കണ്ടെത്തുക (Identification), അവരുടെ സംരക്ഷണം ഉറപ്പാക്കുക (Rescue), ആവശ്യമായ പുനരധിവാസ സൗകര്യങ്ങള്‍ സജ്ജമാക്കുക (Rehabilitation) എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയാണ് sop പ്രകാരമുള്ള പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നത്.
SOP പ്രകാരമുള്ള പ്രവര്‍ത്തനങ്ങൾ ചുരുക്കത്തിൽ ചുവടെ ചേര്‍ക്കുന്നു.
1. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, എന്‍ഫോഴ്സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങൾ എന്നിങ്ങനെ 3 തലങ്ങളിലായുള്ള പ്രവര്‍ത്തനങ്ങൾ സംഘടിപ്പിക്കുന്നു.
2. പ്രവര്‍ത്തനങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങൾ നല്‍കുന്നതിന് സ്കൂളുകളെ അടിസ്ഥാനപ്പെടുത്തി പ്രാദേശിക ജനജാഗ്രതാ സമിതി, ജില്ലാതലത്തില്‍ ജില്ലാതല സമിതികള്‍, സംസ്ഥാനതലത്തില്‍ സംസ്ഥാനതല സമിതി എന്നിങ്ങനെ 3 തലത്തിൽ കമ്മിറ്റികള്‍ രൂപീകരിക്കുന്നു.
3. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും (State / Central Syllabus) ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുകയും, നിലവിലുള്ള ക്ലബ്ബുകള്‍ പുന സംഘടിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ക്ലബ്ബുകളിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നു.
4. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയ പരിസരങ്ങൾ, കച്ചവട സ്ഥാപനങ്ങള്‍ മുതലായവ പരിശോധിക്കുകയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനു ഫീല്‍ഡ് ഓഫീസുകള്‍ക്ക് എക്സൈസ് കമ്മിഷണറേറ്റിൽ നിന്നും 16.05.2024 ൽ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.
5. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് കൗണ്‍സിലിംഗ് നല്‍കുന്ന പ്രവർത്തനം.
6. കൗണ്‍സിലിംഗ് ആവശ്യമായ കുട്ടികളെ തിരിച്ചറിയുന്നതിന് ക്ലാസ് ടീച്ചര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിന് ഒരു സ്ക്രീനിംഗ് ടൂൾ തയ്യാറാക്കിയിട്ടുള്ളതാണ്.
7. ഈ സ്ക്രീനിംഗ് ടൂള്‍ ഉപയോഗിച്ച് സഹായം ആവശ്യമാണ്‌ എന്ന് കണ്ടെത്തുന്ന കുട്ടികള്‍ക്ക് ആദ്യപടിയായി അദ്ധ്യാപകർ മുഖാന്തിരം ഒരു കൗണ്‍സിലിംഗ് നല്‍കുന്നു.
8. കൂടുതല്‍ സഹായം ആവശ്യമുള്ള പക്ഷം സ്കൂൾ കൗണ്‍സിലര്‍മാരുടെ സേവനമോ ജില്ലകളിൽ രൂപം നല്‍കുന്ന കൗണ്‍സിലിംഗ് പാനലിലെ കൗണ്‍സിലര്‍മാരുടെ സേവനമോ വിനിയോഗിച്ച് രക്ഷിതാക്കളുടെ അനുമതിയോടെ കൗണ്‍സിലിംഗ് നല്‍കുന്നു.
9. ഇതില്‍ പരിഹരിക്കാത്ത പ്രശ്നങ്ങൾ അതത് പ്രഥമ അദ്ധ്യാപകർ CDPO മുഖാന്തിരം Parenting Clinic-കളില്‍ റിപ്പോര്‍ട്ട് ചെയതും CWC (Child Welfare Committee) മുഖാന്തിരവും തുടർ നടപടികൾ സ്വീകരിക്കുന്നു.
10. കുട്ടികളില്‍ ലഹരി ഉപഭോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രഥമ അദ്ധ്യാപകര്‍ വിമുക്തി മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
11. ഇത്തരം വിവരങ്ങള്‍ പരിശോധിച്ച് , എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേര്‍വഴി പോലുള്ള പദ്ധതികൾ വഴിയും ആവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം നിയമ നടപടികളിലൂടെയും തുടര്‍ നടപടികൾ സ്വീകരിക്കുന്നു.
12. SOP പ്രകാരമുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്‍കിയതായി അറിയിച്ചിട്ടുണ്ട്.
13. ലഹരിമുക്ത ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് വിമുക്തി ഡീ അഡിക്ഷൻ കേന്ദ്രങ്ങള്‍ വഴിയും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട ഡീ അഡിക്ഷൻ കേന്ദ്രങ്ങള്‍ വഴിയും ചികിത്സ നല്‍കുന്നു.
14. ചികിത്സയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിരികെ എത്തുന്ന കുട്ടികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായ പിന്തുണ ഉറപ്പാക്കുന്നതിന് നോഡല്‍ ടീച്ചര്‍മാരുടെ സേവനം വിനിയോഗിക്കുന്നു.
15. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികൾ , സ്കൂളില്‍ പോകാത്ത കുട്ടികള്‍ എന്നിവരുടെ വിവരങ്ങൾ ആശാവര്‍ക്കര്‍/അങ്കണവാടി അദ്ധ്യാപകര്‍ എന്നിവർ മുഖേന ശേഖരിക്കുന്നു.
16. ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസപരമായ പുനരധിവാസത്തിന് മേല്‍ പ്രകാരമുള്ള നോഡല്‍ ടീച്ചര്‍മാരുടെ സേവനം വിനിയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News