മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും; സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ്

സ്‌കൂളുകളിലെയും പരിസരത്തെയും ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്. ഈ മാസം 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ പരിധികളിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കണം. ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച ലഹരി മാഫിയ സംഘങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. ക്യാമ്പസുകളില്‍ ലഹരി മരുന്നു വില്‍പ്പനയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും തടയുകയാണ് എക്‌സൈസിന്റെ പ്രധാനപ്പെട്ട ഉദ്ദേശം.

ഇതിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായാണ് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഈ മാസം 30 ന് മുന്‍പ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ അവരുടെ പരിധികളിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കണമെന്നും സ്‌കൂള്‍ പരിസരം പൂര്‍ണമായും നിരീക്ഷണത്തിലാക്കാനും ആണ് നിര്‍ദേശം. ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും ഉണ്ടാകും. ജൂണ്‍ മാസം മുഴവന്‍ പട്രോളിംഗ് എല്ലാ ദിവസവും നടത്താനും അതിനുശേഷം ആഴ്ചയിലൊരു ദിവസം പെട്രോളിങ് നടത്താനും നിര്‍ദേശം ഉണ്ട്.

സ്‌കൂള്‍ പരിസരത്തെ ഇടവഴികള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തില്‍ ഉണ്ടാകും. സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും. ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിച്ചു ലഹരി മാഫിയുടെ ഇടത്താവളങ്ങള്‍ അല്ലെന്ന് ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും. അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലറില്‍ പറയുന്നു.എല്ലാ സ്‌കൂളുകളിലും ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ ഉള്ള നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും പരിശോധിക്കുകയും മയക്കുമരുന്ന് വില്‍പ്പന കണ്ടെത്തിയാല്‍ അവയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കണമെന്നും എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News