ദിപിന്‍ മാനന്തവാടി
ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന സൂചനകളാണ് കര്‍ണാടകയില്‍ നിന്നുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലൂടെ പുറത്ത് വരുന്നത്. ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സൂചനകളാണ് നല്‍കുന്നത്. മൂന്നോളം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പരമാവധി സീറ്റുകള്‍ നേടിയാല്‍ കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. രണ്ട് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്കും നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്.
2018ലേത് പോലെ കര്‍ണാടകയില്‍ തൂക്കുസഭയെന്ന സൂചനയാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും നല്‍കുന്നത്. 2018ല്‍ ടൈംസ് നൗ-റ്റുഡെയ്‌സ് ചാണക്യ സര്‍വെ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ ബാക്കി സര്‍വേകളെല്ലാം തൂക്കുസഭയെന്ന സൂചനയായിരുന്നു നല്‍കിയത്. മൂന്ന് സര്‍വേഫലങ്ങള്‍ കോണ്‍ഗ്രസ് ഒറ്റകക്ഷിയാകുമെന്ന് പ്രവചിച്ചപ്പോള്‍ ബാക്കി അഞ്ച് പ്രധാന എക്‌സിറ്റ്‌പോള്‍ ഫലസൂചനകളില്‍ ബിജെപി ഒറ്റകകക്ഷിയാകുമെന്നാണ് പ്രവചിച്ചിരുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഏകദേശം ശരിവയ്ക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു 2018ല്‍ കര്‍ണാടകയില്‍ ഉണ്ടായത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസും-ജെഡിഎസും ചേര്‍ന്ന് കേവലഭൂരിപക്ഷമുള്ള മുന്നണിയെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. പിന്നീട് വിവാദമായ ‘ഓപ്പറേഷന്‍ താമര’യുടെ നാടകീയ നീക്കങ്ങളിലൂടെ ബിജെപി കര്‍ണാടകയില്‍ അധികാരം നേടിയെടുക്കുകയായിരുന്നു.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കര്‍ണാടകയില്‍ തൂക്ക് സഭയെന്ന പ്രവചനം നടത്തുമ്പോള്‍ 2018ലെ തെരഞ്ഞെടുപ്പിന് ശേഷം ഓപ്പറേഷന്‍ താമരയുടെ ഭാഗമായി അരങ്ങേറിയ നാടകങ്ങളാണ് രാഷ്ട്രീയനിരീക്ഷകരുടെയും ജനാധിപത്യ വിശ്വാസികളുടെയും ഓര്‍മ്മകളിലേക്ക് വരുന്നത്. 2018ലേത് പോലെ കോണ്‍ഗ്രസും-ജെഡിഎസ് മന്ത്രിസഭയുടെ സാധ്യത പ്രവചിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ജെഡിഎസ് 20 സീറ്റിന് മുകളില്‍ നേടുകയാണെങ്കില്‍ കുമാരസ്വാമി കിങ്ങ്‌മേക്കറാവുമെന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസിനൊപ്പം ചേരുമോ ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ജെഡിഎസ് തീരുമാനമാകും കര്‍ണാടകയെ സംബന്ധിച്ച് നിര്‍ണ്ണായകമാകുക. നേരിയ സീറ്റുകളുടെ വ്യത്യാസത്തിലാണ് കേവലഭൂരിപക്ഷം നഷ്ടപ്പെടുന്നതെങ്കില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയനീക്കങ്ങള്‍ കര്‍ണാടകയില്‍ മറ്റൊരു ഓപ്പറേഷന്‍ താമരയുടെ സാധ്യത കൂടി തുറന്നിടുന്നുണ്ട്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം
2018നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരായി നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായിത്തന്നെ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഭരണവിരുദ്ധവികാരം മെയ് 10 ആയപ്പോഴേക്കും തരംഗമായി മാറിയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ബിജെപിയുടെ നട്ടെല്ലായിരുന്ന ലിംഗായത്ത് വിഭാഗത്തിലെ നേതാക്കള്‍ അടക്കം കൂറുമാറിയെത്തിയത് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ സഹായകമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
2018ലേത് പോലെ ലിംഗായത്ത് വിഭാഗം പൂര്‍ണ്ണമായും ബിജെപിയുടെ പിന്നില്‍ അണിനിരന്നിട്ടില്ലെന്ന സൂചനയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളും നല്‍കുന്നത്. 2018ല്‍ ബിജെപിക്ക് പിന്നില്‍ അടിയുറച്ച് നിന്ന ലിംഗായത്ത് സ്വാധീന മേഖലയായ മധ്യകര്‍ണ്ണാടകയില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. 2018ല്‍ ബിജെപി ഈ മേഖലയില്‍ നിന്നും 24 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ലിംഗായത്തുകളുടെ സ്വാധീനമേഖലയായ മുംബൈ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. 2018ല്‍ നേരിയ വോട്ടുകള്‍ക്കായിരുന്നു മുംബൈ കര്‍ണ്ണാകയിലെ പല സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായത്. ഇത്തവണ ആ സീറ്റുകള്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന സൂചനയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ഇത് ലിംഗായത്ത് വിഭാഗത്തിന്റെ കോണ്‍ഗ്രസ് അനുകൂല നിലപാടിന്റെ പ്രതിഫലനം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. 2018ല്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയ ഹൈദരാബാദ് കര്‍ണ്ണാടക മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയും കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ലിംഗായത്തുകളുടെ പിന്തുണ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് നിഗമനം. കോസ്റ്റല്‍ കര്‍ണാടകയില്‍ മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുക എന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. സ്വാധീനമേഖലകളില്‍ 2018ലെ മുന്നേറ്റം നിലനിര്‍ത്തുന്നതിനൊപ്പം ബിജെപി സ്വാധീനമേഖലകളില്‍ ഒപ്പത്തിനൊപ്പമെത്താനും കോണ്‍ഗ്രസിന് കഴിയുമെന്ന സൂചനയാണ് എക്‌സിറ്റ്‌പോളുകള്‍ നല്‍കുന്നത്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തൂക്കുസഭയെന്ന് പ്രവചിക്കുമ്പോഴും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന വിലയിരുത്തലുകളും എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ അധികരിച്ച് ഉണ്ടാകുന്നുണ്ട്. 2018നെ അപേക്ഷിച്ച് 3% വോട്ട് വ്യത്യാസം ഉണ്ടായാല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്ന് നേരത്തെ വിലയിരുത്തലുകളുണ്ട്. ഭരണവിരുദ്ധവികാരവും ജാതിസമവാക്യങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ 3% വോട്ട് വ്യത്യാസം ഉണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനാല്‍ തന്നെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതിനെക്കാള്‍ മുന്നേറ്റം കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുസ്ലിംവിഭാഗത്തിന്റെയും കുറുമ്പ വിഭാഗത്തിന്റെയും ഭൂരിപക്ഷ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നത്. വൊക്കലിംഗക്കാരും ദളിത് വിഭാഗത്തിനിടയിലും ബിജെപിയെക്കാള്‍ പിന്തുണ കോണ്‍ഗ്രസിനാണെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു. ലിംഗായത്തിനിടയിലും 2018നെ അപേക്ഷിച്ച് സ്വാധീനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് കോണ്‍ഗ്രസ് 140-160 സീറ്റുകള്‍ വരെ സ്വന്തമാക്കി അധികാരത്തിലെത്തുമെന്ന് വിലയിരുത്തപ്പെടുന്നത്.
ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കര്‍ണ്ണാടകയില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെങ്കില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ ബിജെപിക്ക് ബദലായി കാണുന്നില്ലെന്ന് കൂടി അനുമാനിക്കേണ്ടിവരും. നരേന്ദ്രമോദി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കുന്തമുനയായി നിന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് മോദി പ്രഭാവത്തിന് മുന്നില്‍ തകര്‍ന്നുപോയി എന്നു തന്നെ വിലയിരുത്തേണ്ടിവരും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെക്ക് സ്വന്തം സംസ്ഥാനത്ത് പോലും സ്വാധീനം ചെലുത്താന്‍ ശേഷിയില്ലെന്ന നിലയിലും കോണ്‍ഗ്രസിന്റെ പരാജയം വിലയിരുത്തപ്പെടും. മോദിക്ക് പകരം രാഹുല്‍ ഗാന്ധി എന്ന വിവരണം കാലഹരണപ്പെട്ടെന്ന നിലിയിലും കോണ്‍ഗ്രസിന്റെ പരാജയം അടയാളപ്പെടുത്തപ്പെടും.
അധികാരം നിലനിര്‍ത്തിയാല്‍ അത് മോദിയുടെ വിജയം
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേരുകയും യെഡ്യൂരിയപ്പയെപ്പോലെ ജനസ്വാധീനമുള്ള നേതാവ് മത്സരരംഗത്ത് നിന്നും മാറിനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാക്കളെ മുന്‍നിര്‍ത്തിയായിരുന്നില്ല ബിജെപി ഇത്തവണ കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്രമാദിയായിരുന്നു ഇത്തവണ കര്‍ണാടകയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. അതിനാല്‍ തന്നെ കര്‍ണാകയിലെ ബിജെപി വിജയം മോദിയുടെ വിജയമായും പരാജയം സംസ്ഥാനത്തെ ഭരണവിരുദ്ധവികാരത്തിന്റെ അനന്തരഫലമായും വിലയിരുത്താനുള്ള വിവരണം ബിജെപി ഇതിനകം തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണെങ്കില്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ ദേശീയവിവരണത്തില്‍ സമീപിക്കാനുള്ള ബിജെപി തന്ത്രം വിജയിച്ചതായി കണക്കാക്കപ്പെടും. നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കളെയും ദേശീയതയെയും മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രത്തിനായിരുന്നു ബിജെപി മുന്‍തൂക്കം നല്‍കിയത്. ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനനേതാക്കളെയോ സംസ്ഥാന വിഷയങ്ങളെയോ മുന്നില്‍ നിര്‍ത്താതെ നരേന്ദ്രമോദിയെയും ദേശീയവിഷയങ്ങളെയും മുന്നില്‍ നിര്‍ത്തി നേടിയ തെരഞ്ഞെടുപ്പ് വിജയം എന്ന നിലയില്‍ തന്നെയാവും അത് അടയാളപ്പെടുത്തപ്പെടുക. കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്തിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലും ബിജെപി ഈ തന്ത്രം തന്നെയാവും ആവിഷ്‌കരിക്കുക. സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദങ്ങളെയെല്ലാം അവഗണിച്ച് ദേശീയ നേതൃത്വത്തിന്റെ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുകയെന്ന നിലയിലേയ്ക്ക് ബിജെപി മാറുന്നതിന്റെ പ്രകടമായ സൂചനയായി കര്‍ണാകയില്‍ വിജയം ബിജെപിയുടെ അഭ്യന്തര രാഷ്ട്രീയത്തിലും അടയാളപ്പെടുത്തപ്പെടും.
2018വരെ കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചിരുന്ന ജാതിരാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ സാമുദായിക സമവാക്യങ്ങളിലേക്ക് മാറ്റി എഴുതി എന്ന നിലയിലും ബിജെപി വിജയിച്ചാല്‍ അതിനെ വിലയിരുത്തേണ്ടി വരും. ലിംഗായത്ത്, വൊക്കലിംഗ, കുറുമ്പ, മുസ്ലിം തുടങ്ങിയ ജാതി സമവാക്യങ്ങളില്‍ നിന്നും ഒബിസി, മുന്നോക്കവിഭാഗം, ദളിത് വിഭാഗം തുടങ്ങിയ സാമുദായിക കാഴ്ചപ്പാടിലേക്ക് വോട്ടര്‍മാരുടെ താല്‍പ്പര്യങ്ങളെ മാറ്റിയെടുക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു ബിജെപി കര്‍ണ്ണാടകയില്‍ പരീക്ഷിച്ചത്. ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ആ തന്ത്രം വിജയിച്ചു എന്ന് തന്നെ വിലയിരുത്തേണ്ടിവരും. ജാതി സമവാക്യങ്ങളെ ആശ്രയിച്ചിരുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും ബിജെപിയുടെ ഈ തന്ത്രത്തില്‍ അടിപതറിയെന്നും കണക്കാക്കേണ്ടി വരും. ഏതെങ്കിലും പ്രബലമായ ഒരു ജാതിയുടെ പിന്തുണയും ആ ജാതിയുടെ പിന്തുണയുള്ള പ്രബലനായ ഒരു നേതാവിന്റെ സ്വാധീനവും എന്ന നിലയിലുണ്ടായിരുന്ന കര്‍ണാടകയിലെ പരമ്പരാഗതമായ തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമോ, അതിനായി ബിജെപി പരീക്ഷിച്ച തന്ത്രങ്ങള്‍ വിജയിക്കുമോ എന്നത് കൂടിയാണ് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാകുക. ഗുജറാത്ത് ഉത്തരേന്ത്യയില്‍ ബിജെപിയുടെ രാഷ്ട്രീയപരീക്ഷണശാലയായ അതേ നിലയിലാണ് കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഹിന്ദുത്വ പരീക്ഷണശാലയായി സംഘപരിവാര്‍ പരുവപ്പെടുത്തുന്നത്. അധികാരം നിലനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയിലെ ഹിന്ദുത്വയുടെ ആശയപ്രസാരണത്തിന്റെ കേന്ദ്രമായും കര്‍ണാടക മാറിയേക്കാം. തമിഴ്‌നാടും കേരളവും ലക്ഷ്യമാക്കി നീങ്ങുന്ന സംഘപരിവാര്‍ കര്‍ണാടകയില്‍ വിജയിച്ച തന്ത്രങ്ങള്‍ ഈ സംസ്ഥാനങ്ങളിലും പരീക്ഷിച്ചേക്കാം.
തൂക്കുസഭയെങ്കില്‍ ജെഡിഎസ് കിങ്ങ്‌മേക്കേഴ്‌സ്
തൂക്കുസഭയാണ് കര്‍ണാടകയിലെങ്കില്‍ ജെഡിഎസ് കിങ്ങ്‌മേക്കേഴ്‌സ് ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൊക്കലിംഗ വിഭാഗത്തിന്റെ പിന്തുണയും പഴയ മൈസൂരു മേഖലയിലെ ശക്തികേന്ദ്രങ്ങളിലെ മുന്നേറ്റവുമാണ് ജെഡിഎസിന് ഇത്തവണയും തുണയാകുക എന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. പഴയ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമത്തെ വലിയ കക്ഷിയായി ജെഡിഎസ് മാറുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലസൂചന. കോണ്‍ഗ്രസിനും ബിജെപിക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്ന ഫലസൂചനകളില്‍ പോലും ജെഡിഎസ് 20 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
സീ ന്യൂസ് മാര്‍ട്ടൈസ്, റിപ്പബ്‌ളിക് റ്റിവി പി മാര്‍ക്യു സര്‍വെകള്‍ പരമാവധി 30 സീറ്റിന് മുകളില്‍ ജെഡിഎസിന് പ്രവചിക്കുന്നുണ്ട്. എന്തായാലും കര്‍ണാടകയില്‍ തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കില്‍ നിര്‍ണ്ണായകമാകുക ജെഡിഎസ് നിലപാടായിരിക്കും എന്നത് തീര്‍ച്ചയാണ്. 2018ല്‍ തൂക്കുസഭ വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്താന്‍ ജെഡിഎസ് കോണ്‍ഗ്രസുമായി ചേന്ന് ഭരണം പങ്കിട്ടിരുന്നു. 2018ല്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരും ജെഡിഎസിന് 37 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സഖ്യസര്‍ക്കാരിനെ നയിച്ചത് ജെഡിഎസ് നേതാവ് കുമാരസ്വാമിയായിരുന്നു. ഇത്തവണയും കോണ്‍ഗ്രസുമായി സഖ്യം ചേരണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി ആവശ്യപ്പെട്ടേക്കാം. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഭരണസഖ്യത്തില്‍ പങ്കാളിയാകണോ പ്രതിപക്ഷത്ത് ഇരിക്കണമോ എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കീറാമുട്ടിയായേക്കാം. ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ജെഡിഎസ് കോണ്‍ഗ്രസിനെ നിരുപാധികമായി പിന്തുണയ്ക്കുമോ എന്നതും പ്രധാനമാണ്.
ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ച പാരമ്പര്യവും ജെഡിഎസിനുണ്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി ജെഡിഎസിനെ ഒപ്പം നിര്‍ത്താനുള്ള സാധ്യതയും രാഷ്ട്രീയനിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രി സ്ഥാനമില്ലാതെ ജെഡിഎസ് ബിജെപിയുമായി കൂട്ടുചേരാനിടയില്ലെന്നും വിലയിരുത്തലുകളുണ്ട്. ബിജെപി വിരുദ്ധ പ്രതിപക്ഷ നീക്കം ദേശീയതലത്തില്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേരില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്തുതന്നെയായാലും കര്‍ണാടകയില്‍ തൂക്കുസഭയാണെങ്കില്‍ ജെഡിഎസ് തന്നെയാവും കിങ്ങ്‌മേക്കേഴ്‌സ് എന്നതില്‍ തര്‍ക്കമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here