കേരളത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് വി ശിവദാസന്‍ എം പി. കോര്‍പ്പറേറ്റ് മേഖലയിലെ കടുത്ത ചൂഷണം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി
മന്‍സൂഖ് മാണ്ഡവ്യയ്ക്ക് വി ശിവദാസന്‍ എം പി കത്ത് നല്‍കി. കേസില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും എംപി കത്ത് നല്‍കി.
കേരളത്തില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ തന്റെ ആദ്യ ജോലിയില്‍ ചേര്‍ന്ന് ഏകദേശം നാല് മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. അമിതമായ ജോലിഭാരത്താല്‍ അന്ന ശാരീരികമായും വൈകാരികമായും മാനസികമായും തളര്‍ന്നിരുന്നുവെന്ന് അന്നയുടെ അമ്മ ഏണസ്റ്് ആന്‍ഡ് യങ്ങിനെഴുതിയ കത്തില്‍ പറഞ്ഞിരുന്നു.
ഏണസ്റ്റ് ആന്‍ഡ് യങ്ങിലെയും മറ്റ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെയും, ലാഭത്തിനായി മനുഷ്യനെ കുരുതിക്കൊടുക്കുന്ന വിഷലിപ്തമായ തൊഴില്‍ സംസ്‌കാരമാണ് അന്ന സെബാസ്റ്റ്യന്റെ ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അനിയന്ത്രിതമായ മുതലാളിത്ത വളര്‍ച്ചയുടെ ചൂഷണ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇത് വെളിപ്പെടുത്തുന്നു.
ക്ലിപ്തമല്ലാത്ത ജോലി സമയവും അതിയായ സമ്മര്‍ദവും കിടമത്സരവും മൂലം യുവ പ്രൊഫഷണലുകള്‍ അവരുടെ ജീവനും ആരോഗ്യവും അപകടത്തിലാക്കി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. മനുഷ്യവിരുദ്ധമായ ഈ രീതികള്‍ അവസാനിപ്പിക്കപ്പെടണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഈ ദാരുണമായ ജീവഹാനിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു.
ഈ ദാരുണ സംഭവത്തിന് ഏണസ്റ്റ് ആന്‍ഡ് യങ് മറുപടി പറയണമെന്നും എത്ര മണിക്കൂറുകള്‍ അന്നയ്ക്ക് ജോലി ചെയ്യേണ്ടിവന്നു എന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് തൊഴില്‍ ചൂഷണത്തിന്റെ രക്തസാക്ഷിയാണ് അന്ന എന്ന ചെറുപ്പക്കാരി. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മനുഷ്യത്വരഹിതമായ ചൂഷണം ഉടന്‍ അവസാനിപ്പിക്കണം. തൊഴിലാളികള്‍ക്ക് സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ വേണം, അവ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here