വയനാട് മക്കിമല കൊടക്കാട് വനമേഖലയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഐഇഡി ആണെന്ന് സ്ഥിരീകരണം. സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും, ഡിറ്റണേറ്ററും ഫ്യൂസ് വയറുകളും ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ പൊട്ടിച്ചു കളയുകയായിരുന്നു.
വൈദ്യുതി കടത്തിവിട്ടാല്‍ സ്‌ഫോടനം നടക്കുന്ന വിധത്തിൽ തയ്യാറാക്കിയ ഇമ്പ്രൊവൈസ്ഡ് എക്സ്പ്ലൊസ്സീവ് ഡിവൈസാണ് ബോംബ് സ്ക്വാഡെത്തി പൊട്ടിച്ച് കളഞ്ഞത്. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനക്ക് ആയച്ചിട്ടുണ്ട്. സംഭവത്തില്‍ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. അതിനാൽ തന്നെ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൊലീസ് തണ്ടർ ബോൾട്ട് സംഘങ്ങൾ ഇടക്കിടെ പരിശോധനകൾ നടത്തുന്ന സ്ഥലമാണ് ഈ മേഖല.
സ്ഥലത്ത് കൂടുതല്‍ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന പരിശോധനകളും നടക്കുന്നുണ്ട്. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ് പി തപോഷ് ബസുമതാരിയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ്ചെയ്യുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് താല്‍ക്കാലിക വാച്ചര്‍മാരായ ബാലചന്ദ്രനും, ചന്ദ്രനും സംശയകരമായ വസ്തുക്കൾ കണ്ടെത്തിയത്. വനമേഖലയില്‍ നടത്തിവരാറുള്ള സ്ഥിരം പരിശോധനക്കിടെയാണ് കാട്ടാന പ്രതിരോധത്തിന് സ്ഥാപിച്ച ഫെൻസിംഗിന്റെ സമീപത്ത് സ്ഫോടക വസ്തു കണ്ടത്.
Also read:വിവാഹത്തിൽ നിന്ന് പിന്മാറി; വധുവിന്റെ വീടിന് നേരെ വെടിയുതിർത്തത് വരൻ
ഈ മേഖലയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നൂല് കൊണ്ട് വരിഞ്ഞു കെട്ടിയ നിലയില്‍ ആണികളുടെ കൂട്ടം കണ്ടെത്തിയിരുന്നതായി പ്രദേശവാസിയായ വീട്ടമ്മയും പറഞ്ഞു. ഐ ഇ ഡി ബോംബുകളില്‍ ആഘാതം കൂട്ടുന്നതിനായി ഇത്തരത്തില്‍ ആണികളും, കുപ്പിച്ചില്ലുകളും മറ്റും ഉപയോഗിക്കാറുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here