ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചതു പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്. ജില്ലകളിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥാപനതലത്തിലും ഫീല്‍ഡ് തലത്തിലും കാര്യമായ ഏകോപനം നടത്തണം. തദ്ദേശ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഏകോപനം താഴെത്തലത്തില്‍ തന്നെ ഉറപ്പാക്കണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപിക്കുന്നുണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണം. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കണം. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഡേറ്റ കൃത്യമായി പരിശോധിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കണം.

also read; ‘പരിശോധിക്കാതെ വിട്ടാൽ, മണിപ്പൂരിലെ സാഹചര്യം കേരളത്തിൽ ആവർത്തിക്കും’;ഉല്ലേഖ് എൻ പി

പരമാവധി മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളില്‍ മരുന്നുലഭ്യത ഉറപ്പാക്കണം. കെ.എം.എസ്.സി.എല്‍. വഴി മഴക്കാല രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല അഭിനന്ദനാര്‍ഹമായ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചുള്ള കഴിഞ്ഞ 6 വര്‍ഷത്തെ മുഴുവന്‍ മരുന്നുകളും കൊടുത്തു തീര്‍ത്തിട്ടുണ്ട്. ഇന്‍ഡന്റ് അനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. ആശുപത്രികളിലെ മരുന്നുകളുടെ ഉപയോഗം 30 ശതമാനം കുറയുന്ന മുറയ്ക്ക് തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

also read; ‘ഈ ഭൂമിയിലുള്ളവർ വഞ്ചകർ , ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും ‘;മലയാളിയടക്കം രണ്ടു പേരെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News