ദില്ലിയിലെ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായി തുടരുന്നത് വ്യോമ – റെയിൽ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇടവിട്ട് പെയ്യുന്ന നേരിയ മഴയും തണുപ്പ് കൂടാൻ കാരണമാകുന്നുണ്ട്. ദില്ലിയിൽ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 ഡിഗ്രീ സെൽഷ്യസും രേഖപ്പെടുത്തി. മൂടൽമഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്.
വരും ദിവസങ്ങളിലും ഡൽഹിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. കനത്ത മൂടൽ മഞ്ഞ് 25 ട്രെയിൻ സർവീസുകൾ ബാധിച്ചു. പുലർച്ചെയുളള വിമാനസർവീസുകളും താളംതെറ്റി. വിമാനത്താവളത്തിൽ ഞായർ രാവിലെ ദൂരക്കാഴ്‌ച ഒരു മീറ്ററിലും താഴെയായി കുറഞ്ഞു.
ALSO READ; ദില്ലി തെരഞ്ഞെടുപ്പ്; അമിത്ഷായെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹിക്ക് പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും ശൈത്യതരംഗം വ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഔലി, മുൻസിയാരി പ്രദേശങ്ങളിൽ ഞായറാഴ്‌ച മഞ്ഞു വീഴ്ചയുണ്ടായിരുന്നു. പ്രധാനടൂറിസ്‌റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ വീണ്ടും മഞ്ഞുവീണു.
അതേ സമയം, കൊടും തണുപ്പിലും ദില്ലിയിലെ തെരഞ്ഞെടുപ്പ് ചൂടിന് കുറവില്ല. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെടെആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ അമിത് ഷായെ വെല്ലുവിളിച്ചു. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ തയ്യാറായാൽ താൻ ദില്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജ്രിവാൾ പറഞ്ഞു. ഷക്കൂർ ബിസ്തി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here