തരേണ്ടത് 30 ലക്ഷം, തരുന്നത് 15 ലക്ഷം! കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ലളിതമായി വിശദീകരിച്ച് കുറിപ്പ്

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെ  ലളിതമായി വിശദീകരിച്ച്  എ‍ഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ശ്രുതി എസ് പങ്കജ്  എന്ന പ്രൊഫൈലില്‍ എ‍ഴുതിയ കുറിപ്പാണ് ഇതിനോടകം നിരവധി ആളുകള്‍ പങ്കുവെച്ചത്.

“നിങ്ങൾ 30 ലക്ഷം രൂപയുടെ ഒരു ലോണിന് അപേക്ഷിച്ച് അത് പാസായി വീടു വച്ചു തുടങ്ങി. തുടങ്ങി കുറച്ചു കഴിയുമ്പോൾ 15 ലക്ഷമേ തരൂ എന്ന് ബാങ്ക് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും?” – ഇങ്ങനെ തുടങ്ങുന്ന കുറിപ്പ് കടമെടുപ്പിനെ കുറിച്ചും അതിന്‍റെ ആവശ്യകതയെ കുറിച്ചും പരിധി വെട്ടിക്കുറച്ചത് സംസ്ഥാനത്തിനെ എത് തരത്തില്‍ ബാധിക്കുമെന്നും വിശദീകരിക്കുന്നു.

കേരളം ഒറ്റകെട്ടായ് ഈ കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധിക്കേണ്ടത് ഈ നാടിനോട് എന്തെങ്കിലും കടപ്പാടുണ്ടെങ്കിൽ ചെയ്യേണ്ടതാണെന്നും കോൺഗ്രസും മാധ്യമങ്ങളും ഇക്കാര്യത്തിൽ കാണിക്കുന്ന ഇരട്ടത്താപ്പ് സ്വന്തം കുഞ്ഞുങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമാണെന്നും പോസ്റ്റില്‍ പറഞ്ഞുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

നിങ്ങള്‍ 30 ലക്ഷം രൂപയുടെ ഒരു ലോണിന് അപേക്ഷിച്ച് അത് പാസായി വീടു വച്ചു തുടങ്ങി. തുടങ്ങി കുറച്ചു കഴിയുമ്പോള്‍ 15 ലക്ഷമേ തരൂ എന്ന് ബാങ്ക് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും? 1.പണി നിര്‍ത്തണം 2. അസറ്റ് ഉണ്ടെങ്കില്‍ വില്‍ക്കണം 3. വട്ടിപ്പലിശയ്ക്ക് കടം എടുക്കണം. മൂന്നാമത്തേത് സംസ്ഥാനത്തിനോ രാജ്യത്തിനോ പറ്റില്ല. നമ്മുടെ കടമെടുപ്പ് പരിധി GDP യുടെ 3% നിന്ന് 1.5 ആയി ഒരു മുന്നറിയിപ്പുമില്ലാതെ കേന്ദ്രം വെട്ടി ചുരുക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്?

ലോകത്ത് അഭിവൃദ്ധിപ്പെട്ട ഏതൊരു രാജ്യമാവട്ടെ ബിസിനസ് ആകട്ടെ അന്നന്നത്തെ വരുമാനം മിച്ചം പിടിച്ചു കുടുക്ക പൊട്ടിച്ച് വലുതായതായി അറിയാമോ ?. അവരെല്ലാം തന്നെ തങ്ങള്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയും എന്നു കരുതുന്ന ലോണുകള്‍ റിസ്‌കെടുത്തു എടുത്ത് തന്നെയാണ് തങ്ങളുടെ വളര്‍ച്ച ഉയര്‍ത്തിയതും പ്രവര്‍ത്തന മേഖല വിപുലീകരിച്ചതും ഒക്കെ തന്നെ. അല്ലാതെ കുടുംബത്തീന്നെടുത്ത് ബിസിനസ് വളര്‍ത്തിയവരുമില്ല വളര്‍ന്ന രാജ്യങ്ങളുമില്ല.
കേരളം എന്തിനാണ് കടമെടുക്കുന്നത്?

ദേശീയപാത 66 ന്റെ നിര്‍മ്മാണത്തില്‍ മാത്രം കേരളം മുടക്കുന്നത് ഏതാണ്ട് 6000 കോടി രൂപയാണ്. ഇത് കൂടാതെ തിരുവനതപുരം ഔട്ടര്‍ റിംഗ് റോഡ്, കടമ്പാട്ടുകോണം – മധുരൈ, കൊച്ചി-തേനി, പാലക്കാട് – കോഴിക്കോട് , അങ്കമാലി-തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഹൈവെ തുടങ്ങി എണ്ണമറ്റ ദേശീയ പാത വികസനത്തിന് എല്ലാം കൂടി കേരളം മുടക്കുന്ന തുക ഏതാണ്ട് 12000 കോടി വരും. വിഴിഞ്ഞം തുറമുഖത്തിന് ഇന്നലെ വായ്പ എടുത്തത് 2000 കോടിയാണ്. കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ, തിരുവനന്തപുരം മെഡ്‌സ് പാര്‍ക്ക്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, KTU, ചേര്‍ത്തല ഫുഡ് പാര്‍ക്ക്, ഓങ്കോളജി പാര്‍ക്ക് , കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്ക്, ഗിഫ്റ്റ് സിറ്റി, വാട്ടര്‍ മെട്രോ, ഗ്രാഫീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതൊക്കെ കടമെടുക്കാതെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അസറ്റ് വിറ്റ് പണം കണ്ടെത്തി ഇതൊക്കെ ചെയ്യുന്നതാണോ ബുദ്ധി കടമെടുത്തു ചെയ്യുന്നതാണോ?

തീര്‍ച്ചയായും കടമെടുത്താണ്. എന്താ കാര്യം? ദീര്‍ഘകാല ലോണുകളാണ്. നമ്മുടെ വരുമാനം വളരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മുടെ അടക്കേണ്ട തുക ചെറുതാകും. 2000 ല്‍ 15000 രൂപ ശമ്പളം വലിയ കാര്യമായിരുന്നു. ഇന്ന് 50000 രൂപ കിട്ടിയാലും ആ വിലയില്ല. ദീര്‍ഘകാല ലോണ്‍ തിരിച്ചടവിലും ഇത് സംഭവിക്കും. ഇന്ന് രണ്ടു കോടി തിരിച്ചടയ്ക്കും പോലെ അല്ല 15 ഓ 20 ഓ കൊല്ലം കഴിയുമ്പോള്‍ അടക്കുമ്പോള്‍ ഉള്ള ഇമ്പാക്ട് . അത് കൊണ്ടാണ് ബിസിനസ് ആയാലും രാജ്യങ്ങളായാലും ലോണ്‍ എടുത്ത് വികസനം ചെയ്യുന്നത്.

നമ്മുടേത് ഒരു ഗ്രോയിങ് എക്കണോമിയാണ് കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രതിവര്‍ഷം 10% നടുത്ത് വളര്‍ച്ചാ ശരാശരി നമുക്കുണ്ട്. വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം പോലും ഇല്ലാതെയാണിത്. ഇത് വളരെ ഇമ്പ്രസീവ് ആണ്. അപ്പൊ നാടിന്നു വരെ കണ്ടിട്ടില്ലാത്ത പശ്ചാത്തല സൗകര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നമ്മുടെ നാട്ടില്‍ കൂടുതല്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റുകള്‍ ഉണ്ടാവും. കൂടുതല്‍ തൊഴിലുണ്ടാവും. ഈ വികസനങ്ങള്‍ നടക്കുമ്പോള്‍ തന്നെ എന്തു മാത്രം തൊഴിലാണ് കച്ചവടമാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഒക്കെ മാത്രം നടക്കുന്നത് എന്ന് നോക്കൂ.
നമ്മള്‍ കടം തിരിച്ചടവിന്റെ കാര്യത്തില്‍ ഒരു ഡിഫാള്‍ട്ടര്‍ അല്ല എന്നോര്‍ക്കണം.

ലോകത്തെ അഭിവൃദ്ധിപ്പെട്ട മിക്ക രാജ്യങ്ങളുടെയും
കടം അവരുടെ GDP യുടെ എത്ര ശതമാനമാണ് എന്ന് നോക്കിയാല്‍ രസകരമാണ്.
USA – GDP യുടെ 135% ആണ് കടം
ചൈന – GDP യുടെ 77% ആണ് കടം
ജര്‍മനി- GDP യുടെ 68% ആണ് കടം
ഇന്ത്യ നോക്കിയാല്‍ GDP യുടെ ഏതാണ്ട് 89% ആയിട്ടുണ്ട്.

കേരളമോ GDP യുടെ 39% നിന്ന് 37% ലേക്ക് കടം കുറയുകയാണ് ചെയ്തത്.
GDP യുടെ 3% ആണ് ഒരു വര്‍ഷം കടമെടുക്കാന്‍ കേന്ദ്രാനുമതി ഉള്ളത്. അത് 1.5 % ആയി വെട്ടിക്കുറയ്ക്കുമ്പോള്‍ തമ്മള്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു സംഭവിക്കും?
കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് തെറ്റാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ വാസ്തവത്തില്‍ പണിയെടുക്കുന്നത് ഒന്നുകില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിക്കാനാണ് അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ അസറ്റുകളായ പൊതുമേഖല സ്ഥാപനങ്ങള്‍ ഒക്കെ സ്വകാര്യവല്‍ക്കരിപ്പിക്കാനോ ആണ് ശ്രമിക്കുന്നത്.

കേരളം ഒറ്റകെട്ടായ് ഈ കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധിക്കേണ്ടത് ഈ നാടിനോട് എന്തെങ്കിലും കടപ്പാടുണ്ടെങ്കില്‍ ചെയ്യേണ്ടതാണ്. കോണ്‍ഗ്രസും മാധ്യമങ്ങളും ഇക്കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് സ്വന്തം കുഞ്ഞുങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News