‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റേയും ജ്യേഷ്ഠന്റേയും സ്വത്തുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ അവരുടെ നന്മ ഓര്‍മപ്പെടുത്തുന്ന യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു. കോട്ടയം സ്വദേശിനിയായ ആര്‍ദ്ര ബാലചന്ദ്രന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2019 ഏപ്രില്‍ മാസം നടന്ന സംഭവമാണ് ആര്‍ദ്ര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ആ സമയം അച്ഛന് അടിയന്തമായി ഒരു സര്‍ജറി വേണ്ടിവന്നതായി ആര്‍ദ്ര പറയുന്നു. അച്ഛന്റേത് എ നെഗറ്റീവ് ഗ്രൂപ്പ് രക്തമായതിനാല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അന്ന് സഹായത്തിനെത്തിയത് ജെയ്ക്കും ജ്യേഷ്ഠനുമാണെന്നും ആര്‍ദ്ര പറയുന്നു.

also read- ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ സ്വത്ത്; 12,72,579 രൂപയുടെ ബാധ്യത

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2019 ഏപ്രില്‍ 24. അനിയന്റെ മകന്റെ കല്യാണസ്ഥലത്ത് വെച്ച് ഒരു പ്ലാസ്റ്റിക് കസേര ചതിച്ചു, അച്ഛന്‍ വീണ് ഇടതു ഫിമര്‍ ഫ്രാക്ചര്‍ ആയി. കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ വൈകുന്നേരമായെങ്കിലും അച്ഛന്റെ തട്ടകം ആയതു കൊണ്ട്, ഒട്ടും താമസിക്കാതെ ഡോ. എം.എ. തോമസ് അച്ഛനെ കണ്ടു, പിറ്റേന്ന് തന്നെ സര്‍ജറി ചെയ്യാം എന്ന് പറഞ്ഞു. ബ്ലഡ്ബാങ്കില്‍ രാവിലെ ചെന്ന് പറഞ്ഞാല്‍ അവര്‍ രക്തം അറേഞ്ച് ചെയ്യും എന്നും ഒരുപാടു കാര്യങ്ങളുടെ കൂട്ടത്തില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ ബ്ലഡ്ബാങ്ക് തുറന്ന പാടെ അവിടെ എത്തിയെങ്കിലും കാര്യങ്ങള്‍ ആകെ കുഴഞ്ഞു. അച്ഛന്റേത് എ നെഗറ്റിവ് എന്ന റെയര്‍ ഗ്രൂപ്പാണ്. അതവിടെ സ്റ്റോക്കില്ല. പിറ്റേന്ന് ഡോണറെ എത്തിക്കാം എന്നൊക്കെ ഞാന്‍ പറഞ്ഞെങ്കിലും അവരെന്തു ചെയ്യാന്‍? തരാന്‍ അന്നവിടെ രക്തം ഇല്ല. സര്‍ജറി രണ്ടു മണിക്കൂറില്‍ ചെയ്യണം. അച്ഛന്‍ സൂപ്രണ്ടായിരുന്ന സ്ഥാപനമാണ്, ഇങ്ങനെ ഒരു സാഹചര്യം വരുമെന്ന് നമ്മള്‍ വിചാരിക്കുന്നേ ഇല്ല. റ്റേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആയി എടുത്ത ഒരു പ്രിവിലെജും സഹായത്തിന് വരാഞ്ഞ രണ്ടു മണിക്കൂറുകളായിരുന്നു. ഗത്യന്തരമില്ലാതെ സര്‍ജറി മാറ്റി വെച്ചു.

ഡോ. എം.എ. തോമസിന്റെ സര്‍ജറി ദിവസം പിന്നെ 26ന് ആണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്തം കിട്ടിയാലേ 26ന് സര്‍ജറി നടക്കൂ. ഡി.വൈ.എഫ്.ഐ., സേവാഭാരതി, അങ്ങനെ എല്ലാ വഴിയിലൂടെയും അന്വേഷണം തുടങ്ങി. പല നമ്പറുകളും കിട്ടുമെങ്കിലും, വിളിച്ചു ചോദിച്ചു വരുമ്പോള്‍, ചിലര്‍ അടുത്ത കാലത്തു രക്തം കൊടുത്തിട്ടുണ്ടാകും, അല്ലെങ്കില്‍ ചിലര്‍ സ്ഥലത്തുണ്ടാകില്ല, അങ്ങനെ പല പ്രശ്‌നങ്ങള്‍. എന്തായാലും പിറ്റേന്ന് രാവിലെ വരാന്‍ തയ്യാറായി രണ്ടു പേരെ കിട്ടി. ആദ്യം വന്ന ആള്‍ സ്‌ക്രീനിങ്ങിനു ചെന്നപ്പോ കയ്യില്‍ ഒരു മുറിവ് കണ്ടത് കൊണ്ട് ബ്ലഡ്ബാങ്കില്‍ ആ ഡോണറെ റിജെക്ട് ചെയ്തു. എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി തുടങ്ങി. രണ്ടാമത്തെ ആള്‍ക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ? രണ്ടാമനെ കാത്ത് ഞാന്‍ നില്‍ക്കെ പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് കോള്‍. ”തോമസാണ്, ബ്ലഡ് തരാന്‍ ആണ്. ജയ് പറഞ്ഞിട്ട് വന്നതാണ്. ബ്ലഡ്ബാങ്കിന്റെ താഴെ ഉണ്ട്.” ഞാന്‍ പ്രതീക്ഷിച്ചിരുന്ന രണ്ടാമന്‍ – കുരിയന്‍ – അല്ല ഇത്. എനിക്കാകെ കണ്‍ഫ്യൂഷന്‍ ആയി. എന്തായാലും മുകളിലേക്ക് വരാന്‍ പറഞ്ഞു.

സ്‌ക്രീനിങ്ങിനു പോകുന്നതിനു മുന്‍പ് കിട്ടിയ രണ്ടു മിനിറ്റില്‍ അനുപമ തീയറ്ററിന്റെ എതിര്‍വശം ബിസിനസ് നടത്തുകയാണെന്നും പുതുപ്പള്ളി ആണ് വീടെന്നും പറഞ്ഞു. ആളകത്തേക്ക് പോയി. ശുപത്രിയില്‍, പ്രത്യേകിച്ച് ഇങ്ങനെ ഒരു സാഹചര്യത്തില്‍, എനിക്ക് യാതൊരു മുന്‍പരിചയവും ഇല്ല. അന്നേരം ബ്ലഡ്ബാങ്കില്‍ ഞാന്‍ മാത്രമേ ഉള്ളൂ. ആശുപത്രി കാര്യങ്ങള്‍ അറിയുന്ന ഒരാളോട് ചോദിച്ചപ്പോള്‍ കിട്ടിയ നിര്‍ദേശം വെച്ച്, തോമസ് ബ്ലഡ് കൊടുത്തു ഇറങ്ങി വന്നപ്പോ ”എന്തെങ്കിലും കഴിച്ചിട്ട് പോയാലോ’ എന്ന് ചമ്മലോടെ ഞാന്‍ ചോദിച്ചു. പുള്ളി ഒരു പ്രത്യേക ചിരി ചിരിച്ചിട്ട്, കൈ വീശി കാണിച്ചിട്ട് പെട്ടെന്ന് നടന്നിറങ്ങി.

”ബ്ലഡ് വേണമെന്ന് എങ്ങനെ അറിഞ്ഞെന്നാണ് പറഞ്ഞത്?’ ചമ്മല്‍ മറയ്ക്കാന്‍ ഞാന്‍ ഒന്ന് കൂടി ചോദിച്ചു. ‘എന്റെ അനിയന്‍ ജെയ്ക് പറഞ്ഞു” എന്ന് മറുപടി പറഞ്ഞു കൊണ്ട് തന്നെ പുള്ളി നടന്നു പോയി. എനിക്കൊരു പിടിയും കിട്ടിയില്ല. തോമസ് ഇറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒറിജിനല്‍ രണ്ടാമന്‍ – കുര്യന്‍ എത്തി. അദ്ദേഹത്തിന്റെ രക്തവും എടുത്തു. പ്ലാന്‍ ചെയ്ത രണ്ടു പേരില്‍ ഒരാളുടെ രക്തം എടുക്കാന്‍ പറ്റിയില്ലെങ്കിലും, എവിടുന്നെന്നു അറിയാതെ ഒരാള്‍ കൂടി വന്നല്ലോ, ഭാഗ്യം, എന്ന് ഞാന്‍ വിചാരിച്ചു.

കോണ്ടാക്ടുകള്‍ തന്നു സഹായിച്ചു കൊണ്ടിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിഷേക്, എന്തെങ്കിലും ശെരിയായോ എന്ന് കുറച്ചു കഴിഞ്ഞു മെസ്സേജ് ചെയ്തു അന്വേഷിച്ചു. ഞാനീ സര്‍പ്രൈസ് ഡോണറുടെ കാര്യം പറഞ്ഞപ്പോ അഭിഷേക് ചോദിച്ചു ”ചേച്ചിക്ക് ആളെ മനസ്സിലായില്ലേ? അത് ജെയ്‌ക്കെട്ടന്റെ ബ്രദര്‍ ആണ്.’ എനിക്കന്നേരം ആണ് പുതുപ്പള്ളി, ജെയ്ക്ക് തുടങ്ങിയ ലൈറ്റെല്ലാം ഒരുമിച്ചു കത്തിയത്. അന്ന് കുര്യന്‍ കൊടുത്ത ബ്ലഡ് ആണോ തോമസ് കൊടുത്ത ബ്ലഡ് ആണോ അച്ഛന് ഉപയോഗിച്ചതെന്ന് അറിയില്ല. അതിനു പ്രസക്തിയും ഇല്ല. പക്ഷെ ആ സര്‍പ്രൈസ് ഡോണറും, ആളെ വിട്ട അനിയനും, അന്നെനിക്ക് പകര്‍ന്ന ആശ്വാസം (ചമ്മലും) ചെറുതല്ല. ജെയ്ക്കും, ജെയ്ക്കിന്റെ ചേട്ടനും അവരുടെ സ്വത്തുവകകളും ഒക്കെ ചര്‍ച്ചയാകുന്നത് കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയ ഒരു കഥ. സഹായിക്കാനുള്ള മനുഷ്യരുടെ മനസ്സാണ് ഏറ്റവും വലിയ സ്വത്തെന്ന് എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള ഒരു ചോരക്കഥ. ??

also read- പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം; സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News