അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വതിക്കെതിരെ വന്‍ സൈബര്‍ അറ്റാക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്റെ വീട്ടില്‍ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അമ്മ അടുക്കളയില്‍ കയറിയിട്ടില്ല’ എന്ന വളരെ സത്യസന്ധമായ ഒരു പ്രസ്താവന മാലാ പാര്‍വതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ സൈബര്‍ അറ്റാക്ക് നടക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാലാ പാര്‍വതിയുടെ അമ്മ ആരാണെന്ന് പറയുകയാണ് ഷെമീര്‍ ടി പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെമീര്‍ ടിപി ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘എന്റെ വീട്ടില്‍ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അമ്മ അടുക്കളയില്‍ കയറിയിട്ടില്ല’ എന്ന വളരെ സത്യസന്ധമായ ഒരു പ്രസ്താവന അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു.
ആ വാക്ക് മാത്രം തലവാചകമായി കൊടുത്ത് കേരളത്തിലെ സാമൂഹ്യദ്രോഹികള്‍ക്ക് അവരുടെ അധിക്ഷേപങ്ങള്‍ കോരി ചൊരിയാനുള്ള അവസരമാക്കി കൊടുക്കുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
ചീത്ത വിളികളും തെറി വിളികളും അധിക്ഷേപങ്ങളുമായി എത്തുന്ന ഈ സാമൂഹ്യ ദ്രോഹികള്‍ക്ക് മാലാ പാര്‍വതിയുടെ അമ്മയെ കുറിച്ച് എന്തെങ്കിലും അറിയാമോ..?
ഡോ. കെ ലളിത എന്ന അവരുടെ അമ്മ മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. 85 വയസ്സില്‍ മരണപ്പെടുന്നത് വരെ കര്‍മനിരതയായിരുന്ന രാജ്യത്തെ തന്നെ ഏറ്റവും ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍.
1954 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ഡോക്ടര്‍ ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേര്‍ന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകള്‍ കുറവായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്.
മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു.പ്രമുഖരായ ഒട്ടേറെ ഡോക്ടര്‍മാര്‍ ലളിതക്ക് കീഴില്‍ പഠിച്ചു.
ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയില്‍ ജോലിയില്‍ പ്രവേശിച്ചു.
ഇവിടെ മരണം വരെ സേവനം തുടര്‍ന്നു.
കൈ വിറയ്ക്കാത്തിടത്തോളം നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്നിടത്തോളം പ്രൊഫഷനില്‍ തുടരണമെന്നാണ് ഡോ.ലളിത ആഗ്രഹിച്ചത്.
അഭിമുഖത്തില്‍ മാലാ പാര്‍വതി പറയുന്നുണ്ട്,
അമ്മ മക്കളോടായി പറഞ്ഞിരുന്ന ഒരു കാര്യം,
‘അടുക്കള ജോലി എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല,ആ ബോധ്യം നിങ്ങള്‍ക്കുണ്ടാവുമ്പോഴാണ് രണ്ടു മൂന്നു തലമുറയെങ്കിലും കഴിഞ്ഞു അത് പ്രാവര്‍ത്തികമാവൂ’എന്ന്..!
അധിക്ഷേപങ്ങള്‍ വിളിച്ചു വരുത്താന്‍ കഷ്ട്ടപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും കൊള്ളാം,
സമ്പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിക്കുന്ന ഒരു നാട്ടിലെ സംസ്‌ക്കാര നിരക്ഷരരും കൊള്ളാം…!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here