സെയിൽസ്‌ ടീമിൽ നിന്ന്‌ സംവിധായകനിലേക്കുള്ള ദൂരം ചെറുതല്ല; ഖാലിദ് റഹ്മാന്റെ കഠിനാധ്വാനത്തിന് പിറകിൽ ഇങ്ങനെയും ഒരു കഥയുണ്ട്; എഫ്ബി പോസ്റ്റ് വൈറൽ

തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ആദ്യ സംവിധാന സംരംഭത്തിൽ തന്നെ വരവറിയിച്ച റഹ്മാൻ വ്യത്യസ്ത ജോണറുകളിൽ ഉള്ള സിനിമകളിലൂടെ വേറിട്ട് നിൽക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നിവയാണ് ഖാലിദ് റഹ്മാൻ എന്ന റഹ്മാന്റെ സിനിമകൾ. അസിസ്റ്റന്റ് ഡയറക്ടറായും പല സിനിമകളുടെയും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: ഗോവര്‍ധനും സംവിധായകനും അമേരിക്കയിൽ കണ്ടുമുട്ടി

സൂപ്പർ ഹിറ്റ് ആയി തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമായ ഡ്രൈവർ പ്രസാദ് ആയി പ്രിയ സംവിധായകൻ എത്തിയിരിക്കുകയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ക്വാളിസിന്റെ ഡ്രൈവറായി കട്ടയ്‌ക്ക്‌ കൂടെനിന്ന സംവിധായകൻ ഖാലിദ്‌ റഹ്‌മാന്റെ പ്രകടനവും.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന്‌ കൊടൈക്കനാലിലേക്ക്‌ യാത്രപോയ സംഘത്തിന്‌ ഉണ്ടായ അനുഭവങ്ങളാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അതിനിടയിൽ ചില സ്വയംപ്രഖ്യാപിത സിനിമാനിരൂപകർക്ക് ഡ്രൈവർ പ്രസാദായി വന്ന ഖാലിദ് റഹമാനെ മനസ്സിലാക്കാൻ പറ്റിയിരുന്നില്ല എന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ച ഒരു സംഭവം ആയിരുന്നു.

ALSO READ: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി ഒടിടിയിൽ

ഈ സാഹചര്യത്തിലാണ് സിനിമാക്കാരൻ ആവുന്നതിന് മുമ്പുള്ള ഖാലിദ് റഹമാനെ കുറിച്ച് പഴയ സഹപ്രവർത്തകൻ എഴുതിയ ഒരു ആശംസാ കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. മുഹമ്മദ്‌ ഹാഫിസ്‌ എന്ന സുഹൃത്താണ്‌ 2010ൽ ടാറ്റാ ഡോകോമോയുടെ പോസ്റ്റ് പെയ്ഡ് സെയിൽ ടീമിലേക്ക്‌ എത്തിയ റഹ്‌മാനെ ഓർത്തെടുക്കുന്നത്‌. അന്നത്തെ സിഒഒ ആയിരുന്ന വിനോദ് ഗിയാലുമായുള്ള ടീം മീറ്റിംഗിൽ മറ്റ് ഡിഎസ്ടി എക്സിക്യൂട്ടിവുകൾ പതറി നിൽക്കുമ്പോൾ, ആത്മ വിശ്വാസത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് സ്‌കോർ ചെയ്‌ത റഹമാനെ സന്തോഷത്തോടെ ഓർക്കുകയാണ് സുഹൃത്ത്.

പഴയ സുഹൃത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…

മഞ്ഞുമ്മൽ ബോയ്‌സ് സൂപ്പർ ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോൾ, ചില പ്രമുഖ റിവ്യൂവർമാർക്ക് അതിലെ ഡ്രൈവർ വേഷം ചെയ്ത അഭിനേതാവിനെ തിരിച്ചറിയാൻ സാധിക്കാത്തത് വച്ച് ട്രോളുകളും പോസ്റ്റുകളും  കണ്ടപ്പോൾ ഓർമ്മ വന്നത് കുറെ വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 ൽ TATA Docomo കമ്പനിയിൽ പോസ്റ്റ് പെയ്ഡ് സെയിൽസ് മാനേജറായി വർക്ക് ചെയ്യുന്ന കാലമാണ്.

പുതുതായി തുടങ്ങിയ ഡയറക്‌ട് സെയിൽസ് ടീമിലേക്കു ആളെ എടുക്കുന്നതിനിടെ ഇൻ്റർവ്യൂന് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ പയ്യനും വന്നിരുന്നു. പേര് റഹ്മാൻ. ആത്മ വിശ്വാസത്തോടെയും പ്രസരിപ്പോടെയും പെരുമാറുന്ന റഹ്മാൻ പെട്ടന്ന് തന്നെ ടീമിലെ എല്ലാവരുടെയും പ്രിയങ്കരനും ആയി. വലിയ സെയിൽസ് പെർഫോർമർ ഒന്നും  ആയിരുന്നെങ്കിലും, അന്നത്തെ COO ആയിരുന്ന വിനോദ് ഗിയാലുമായുള്ള ടീം മീറ്റിംഗിൽ മറ്റ് DST executive കൾ പതറി നിൽക്കുമ്പോൾ, ആത്മ വിശ്വാസത്തോടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് Score ചെയ്‌തത് റഹ്മാനായിരുന്നു. റഹ്മാനെ പോലുള്ള ആളുകളെ ആണ് ടീമിൽ എടുക്കേണ്ടത് എന്ന് അവനെ സാക്ഷിയാക്കി തന്നെ COO പറഞ്ഞത് ഓർക്കുന്നു.

സെയിൽസ് വിസിറ്റിനു പോയി ABCD ഷൂട്ടിംഗ് (ആണെന്ന് തോന്നുന്നു ) ലോക്കെഷനിൽ പോയി ദിവസം മുഴുവൻ നിൽക്കുന്ന കഥയൊക്കെ പിന്നീട് ടീം ലീഡർ പറഞ്ഞറിഞ്ഞു. കുറച്ച് നാൾക്ക് ശേഷം റഹ്മാൻ ടാറ്റ ഡോക്കോമെയിലെ ജോലി നിർത്തി. പിന്നെ ആളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.. DST ടീമിൽ വന്നും പോയും കൊണ്ടിരിക്കുന്ന  നൂറ് കണക്കിന് പേരെ പോലെ റഹ്മാനും മറ്റെതെങ്കിലും കമ്പനികളിൽ ജോലിക്ക് കയറിയട്ടുണ്ടാകാം എന്നു കരുതി. കുറച്ച് വർഷങ്ങൾക്ക് ശേഷം ടെലികോം കരിയർ  അവസാനിപ്പിച്ച് , ഹോം തീയേറ്റർ ബിസിനസ്സ് തുടങ്ങി ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസംപഴയ ടീം ലീഡർ ഗിരീഷ് കാണാനെത്തുന്നു. അവനാണ് സിനിമ സ്റ്റെയിൽ ട്വിസ്റ്റ് വെളിപ്പെടുത്തുന്നത്. അപ്പോൾ സൂപ്പർ ഹിറ്റായി ഓടുന്ന അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ നമ്മുടെ പഴയ റഹ്മാൻ ആണെന്ന്!! അമ്പരപ്പിന് ഒപ്പം, അച്ഛനും സഹോദരങ്ങളും അന്നെ സിനിമയിൽ അറിയപ്പെടുന്നവരായിട്ടും, അതൊന്നും മറ്റുള്ളവരെ അറിയിക്കാനോ, പ്രത്യേക പരിഗണനകൾ നേടാനോ ശ്രമിക്കാതെ,  സ്വന്തം കാലിൽ നിൽക്കാനുള്ള റഹ്മാൻ്റെ ശ്രമത്തോട് വലിയ ബഹുമാനവും തോന്നി. ഇന്ന് ഉണ്ടയും ലവ്വും തല്ലുമാലയും അടക്കം ഒന്നിനൊന്ന് വ്യത്യസ്‌തവും മനോഹരവുമായ ചലചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകനും അഭിനേതാവും ആയി തൻ്റെ ജൈത്രയാത്ര തുടരുന്ന ഖാലിദ് റഹ്മാന് പഴയ സഹപ്രവർത്തകൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ!.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News