‘ഹരി ഒരു മദ്യപാനിയല്ല; പണം നല്‍കാതെ സഹായമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പല പ്രമുഖരും ഇല്ലാതില്ല’; ഹരീഷ് പേങ്ങന്റെ സുഹൃത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടന്‍ ഹരീഷ് പേങ്ങന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ് മുന്‍പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. ഹരീഷ് പേങ്ങന് കരള്‍ രോഗം സ്ഥിരീകരിച്ച് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ അമിത മദ്യപാനം കാരണമാണ് രോഗം വന്നതെന്ന് പലരും പറഞ്ഞെന്നും എന്നാല്‍ ഹരീഷ് മദ്യപാനി ആയിരുന്നില്ലെന്നുമാണ് മനോജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

മനോജ് കെ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മയെ തല്ലിയാലും രണ്ടുണ്ട് വാദം എന്നാണല്ലോ പറയുന്നത്…!

പ്രിയ സുഹൃത്തായ ഹരീഷ് പേങ്ങന്റെ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ ദിവസങ്ങളില്‍ പ്രമുഖ ദൃശ്യ, പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ അവനെ ഇഷ്ടപ്പെടുന്ന ഞാനടങ്ങുന്ന സുഹൃത്തുക്കളും നാട്ടുകാരും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ടു വരികയുണ്ടായി. ആഭ്യര്‍ത്ഥനകള്‍ക്ക് തുടക്കംകുറിച്ച് ആദ്യമായി നാലുദിവസം മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തി എന്ന നിലയ്ക്ക് ചിലത് പറയണം എന്ന് ആഗ്രഹിക്കുന്നു. എന്റെ നാട്ടുകാരനും 40 വര്‍ഷത്തിലേറെ പരിചയമുള്ള വളരെ അടുത്ത സുഹൃത്തുമാണ് ഹരീഷ് നായര്‍ എം.കെ എന്ന ഹരീഷ് പേങ്ങന്‍. മറ്റു പലര്‍ക്കും അവന്‍ ചലചിത്ര നടനായ ഹരീഷ് പേങ്ങനായിരിക്കാം… പക്ഷേ എനിക്ക്, അല്ലെങ്കില്‍ ഞങ്ങള്‍ക്ക്, അവന്‍ ഞങ്ങളുടെ ഹരിയാണ്.

ഞങ്ങള്‍ ഒന്നിച്ച് ഉച്ചയ്ക്ക് രണ്ടുമണിവരെ എന്റെ വീട്ടില്‍ സംസാരിച്ചിരുന്ന ശേഷമാണ് ഡബ്ബിങ്ങിനായി ഹരീഷ് അന്ന് എറണാകുളത്തേക്ക് പോകുന്നതും, പോകുന്ന വഴിയില്‍ ഒരു വയറുവേദന അനുഭവപ്പെട്ട് അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആക്കുന്നതും. കരള്‍ സംബന്ധമായ അസുഖങ്ങളുടെ യാതൊരു ലക്ഷണവും ആ നിമിഷം വരെയും ഹരിക്കുണ്ടായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പല കമന്റുകളിലും ഞാന്‍ കണ്ടതുപോലെ, ആധികാരികതയുടെ ഉറപ്പിച്ച് പറയാം – ഹരി ഒരു മദ്യപാനിയല്ല.

ഹരിയുടെ നിലവിലെ അവസ്ഥയറിഞ്ഞ് ഒട്ടനവധി സുഹൃത്തുക്കള്‍ (പ്രമുഖ ചലചിത്ര താരങ്ങള്‍ ഉള്‍പ്പെടെ) സാമൂഹ്യ മാധ്യമങ്ങളുടെ അവനായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ആ പോസ്റ്റുകളില്‍ ഏറ്റവും അധികം കമന്റുകളില്‍ കണ്ടത്, ‘അമ്മ’ എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നതാണ്. ഓരോ സംഘടനയും പ്രവര്‍ത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നിലവില്‍ ഹരീഷ് ‘അമ്മ’ എന്ന സംഘടനയുടെ അംഗമല്ല. ആ കാരണം കൊണ്ട് തന്നെ ‘അമ്മ’ എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയില്‍ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികള്‍ ഉണ്ട്. ഇത് എന്നോട് ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ ഇടവേള ബാബുച്ചേട്ടന്‍ പറഞ്ഞിട്ടുള്ളതാണ്. അത് മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ല. വിവരം അറിഞ്ഞമാത്രയില്‍ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുള്ള നടി നടന്മാരും ടെക്‌നീഷ്യന്‍സുമടക്കം കുറെയധികം പേര്‍ സഹായിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.

ഈ സാഹചര്യത്തില്‍ ഒരു കാര്യം ഓര്‍ക്കാതെ പോകരുത്. ഒരു സംഘടനയിലും അംഗത്വം ആവശ്യമില്ല, ഞാന്‍ ഒരു നിഷേധിയായി, ഒറ്റയാനായി മുമ്പോട്ടു പോകും എന്ന മാനസികാവസ്ഥയിലുള്ള ഒരു വ്യക്തിയല്ല ഹരീഷ് എന്ന് ഹരീഷിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള, ഹരീഷിനെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. അംഗത്വ ഫീസ് ഒന്നിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ താമസം വന്നു, അഥവാ ഇതുവരെയും സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പറയുമ്പോള്‍ തന്നെ ഹരീഷിന്റെ സാമ്പത്തിക ഭദ്രത എത്രമാത്രം ഉണ്ട് എന്ന് ഇതു വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരീഷിനെ പോലെ ചെറിയ വേഷങ്ങള്‍ അഭിനയിക്കുന്ന ഒരു കലാകാരന് മലയാള സിനിമയില്‍ നിന്ന് എന്ത് പ്രതിഫലം കിട്ടുമെന്ന് സിനിമയെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. സ്വന്തമായി 5 സെന്റ് സ്ഥലവും (ആ സ്ഥലവും ബാങ്കില്‍ പണയത്തിലാണ്) ഒരു ചെറിയ ചായക്കടയും ആണ് ഹരീഷിന് ഉള്ളത്.

ഇത്തരം ഗുരുതരാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, സമയത്തിനാണല്ലോ വില. പെട്ടെന്ന്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തോളം രൂപ സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാവുന്നതാണല്ലോ. സ്ഥലംവിറ്റൊ മറ്റോ പണമുണ്ടാക്കി വരുമ്പോള്‍ ചികിത്സയ്ക്ക് ജീവനോടെ അവന്‍ ഉണ്ടാവണം എന്നതും ഒരു യാഥാര്‍ത്ഥ്യമല്ലേ??? മാത്രവുമല്ല ഹരീഷിന്റെ ആരോഗ്യസ്ഥിതിയുടെ ഗൗരവം വൃദ്ധയായ അവന്റെ അമ്മയോട് അറിയിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവന്റെ അസുഖം പുറത്തേക്ക് ആരെയും അതുവരെയും അധികം അറിയിച്ചിരുന്നില്ല. എന്നാല്‍ ജീവന്‍ തിരിച്ച് കിട്ടാന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും അത് താമസിയാതെ ചെയ്യേണ്ടിവരുമെന്നും, അത്തരത്തിലുള്ള സര്‍ജറിക്ക് ചെലവാകുന്ന ഭീമമായ തുകയെ കുറിച്ചും അറിഞ്ഞ സാഹചര്യത്തിലാണ് അടിയന്തരമായി പണം സ്വരൂപിച്ച്, അവന്റെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്, അവനെ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ കുറച്ചുപേര്‍ അഭ്യര്‍ത്ഥനയുമായി വന്നത്.

പലരുടെയും സംശയം ഇത്തരത്തില്‍ പണം പിരിവ് നടത്തി കോടികള്‍ ഉണ്ടാക്കും എന്നാണ്. ഉണ്ടാക്കുന്നവരോ, കിട്ടുന്നവരോ ഉണ്ടായിരിക്കാം. എന്നാല്‍ സത്യമെന്തെന്നാല്‍ ഹരിയുടെ ചികിത്സയ്ക്കാവശ്യമായ തുക ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ്. അതുകൊണ്ട്, ഞങ്ങളുടെ ഹരിയെ ഞങ്ങള്‍ക്ക് അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാന്‍ പറ്റുമോ? വിട്ടുകൊടുക്കില്ല എന്നതാണ് സത്യം.

നാളിതുവരെ കഴിഞ്ഞ നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ അഭ്യര്‍ത്ഥനയിലൂടെ ലഭിച്ചിട്ടുണ്ട്. ഇതില്‍ പത്ത് രൂപ മുതല്‍ 50,000 രൂപ വരെ അയച്ചുതന്നവര്‍ ഉണ്ട് എന്നതാണ് സത്യം. സഹായിച്ച എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ഹരീഷിനും അവന്റെ കുടുംബത്തിനും വേണ്ടി അറിയിക്കട്ടെ.

തുക ഒന്നും അയക്കാതെ, ‘I have done my bit’ എന്നെഴുതി അവനായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പല പ്രമുഖരും ഇല്ലാതില്ല. അതൊക്കെ അങ്ങനെ നടക്കട്ടെ… അവനുവേണ്ടി ഒരു അഭ്യര്‍ത്ഥന നടത്താനുള്ള മനസ്സെങ്കിലും അവര്‍ക്കുണ്ടായല്ലോ… അതില്‍ സന്തോഷം.

കുറെ അധികം പേര്‍ സാമ്പത്തികസഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഹരിയുടെ സഹോദരിയുടെ പേരിലുള്ള 5സെന്റ് സ്ഥലം പണയപ്പെടുത്തി സൊസൈറ്റിയില്‍ നിന്നും ലോണെടുക്കാന്‍ ശ്രമം തുടരുന്നു. മിക്കവാറും മൂന്നോ നാലോ ദിവസം കൊണ്ട് അങ്ങനെ കുറച്ചു പണം സ്വരൂപിക്കാനാവും. തികയാതെ വരുന്ന പണം തുച്ഛമായ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കണ്ടെത്തണം.

ലോണ്‍ എടുക്കുന്ന തുക തിരിച്ചടയ്ക്കണം. സര്‍ജറിക്ക് ശേഷം അവന്റെ കുടുംബവും ജീവിക്കണം. ഇത്തരത്തിലുള്ള ഒരു സര്‍ജറിക്ക് ശേഷം എത്രനാള്‍ കഴിഞ്ഞ് അവന് അഭിനയിച്ചു വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് നമുക്ക് ഊഹിക്കാമല്ലോ. എന്തായാലും ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചുകൊള്ളാന്‍ ആശുപത്രി അധികൃതരോട് അറിയിച്ചിട്ടുണ്ട്. ഒരു അപേക്ഷ മാത്രം… തീര്‍ത്തും സദുദ്ദേശപരമായി ഹരിയുടെ ജീവന്‍ രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഞാനന്ന് ആദ്യമായി അഭ്യര്‍ത്ഥനയുമായി നിങ്ങളുടെ ഓരോരുത്തരുടെയും അടുത്തേക്ക് ഫേസ്ബുക്കിലൂടെ എത്തുന്നത്. ഹരിയുടെ അവസ്ഥ അറിഞ്ഞ് പലരും ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍, പരസ്പരം ആരെയും ചെളിവാരി തേക്കാനോ അവഹേളിക്കാനോ ഒരു സാഹചര്യം ഹരീഷിന്റെ ഈ അവസ്ഥ കൊണ്ട് ഉണ്ടാക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്. ആ വേദന നമുക്ക് ഉണ്ടാവുമ്പോഴേ നമ്മള്‍ പഠിക്കൂ.. പണവും, പ്രതാപവും, സോഷ്യല്‍ സ്റ്റാറ്റസും, രാഷ്ട്രീയവും നോക്കിയല്ല ഇത്തരത്തില്‍ അസുഖങ്ങളും ദുരന്തങ്ങളും അപ്രതീക്ഷിതമായി നമ്മളിലേക്ക് എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥന.. ??????

ഒരു കാര്യം ഞാന്‍ ഉറപ്പു നല്‍കാം. ഹരിയുടെ ജീവന്‍ നിലനിര്‍ത്തുക, അവനെ തിരിച്ചു കൊണ്ടു വരിക എന്നുള്ളതാണ് ഇപ്പോള്‍ പ്രഥമ ലക്ഷ്യം. ശേഷം, ഉറപ്പായും ചികിത്സാസഹായമായി ലഭിച്ച തുക, അത് ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും എന്ന് ഞാന്‍ ഉറപ്പു നല്‍കാം. എത്ര തുക ലഭിച്ചു, ആരൊക്കെ നല്‍കി, എത്ര തുക ചികിത്സയ്ക്കായി ചെലവായി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി പൊതുജന സമക്ഷം പബ്ലിഷ് ചെയ്യുന്നതായിരിക്കും.??

ഒരു ജീവന്റെ വില.. സമയത്തിന്റെ വില… അത് വിസ്മരിക്കരുത്.. ??????
ഹരീഷിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കണമേ എന്ന് അപേക്ഷ…????
സ്‌നേഹത്തോടെ
മനോജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News