ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
“തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്.” – എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഇന്നലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ രംഗത്ത് വന്നത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
“സിനിമയുടെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല” – എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here