‘താടിയെടുത്ത ശേഷം രണ്ട് ജ്യേഷ്ഠന്മാരുടെ മരണം’; പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍

അനശ്വര സംവിധായകന്‍ പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍. പത്മരാജന്‍ താടിവെയ്ക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില സംഭവങ്ങളും അനന്തപത്മനാഭന്‍ പങ്കുവെയ്ക്കുന്നുണ്ട്. താടിവെയ്ക്കുന്നതിന് മുന്‍പുള്ള കാലത്തായിരുന്നു അച്ഛന്റെ വിവാഹമെന്നും ആ കാലത്ത് ശരീരത്തെ പറ്റി അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ടെന്നും അനന്തപത്മനാഭന്‍ പറയുന്നു. അതിന് ശേഷം അച്ഛന്‍ താടിവളര്‍ത്തി തുടങ്ങിയെന്നും ഇതിനിടെ രണ്ട് തവണ താടിവടിച്ചപ്പോള്‍ അദ്ദേഹത്തിന് തന്റെ രണ്ട്
ജ്യോഷ്ഠന്മാരെ നഷ്ടപ്പെട്ടെന്നും അനന്തപത്മനാഭന്‍ പറയുന്നു. ആ സംഭവങ്ങള്‍ക്ക് ശേഷം മരണംവരെ അച്ഛന്‍ താടിവടിച്ചിട്ടില്ലെന്നും അനന്തപത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താടിക്ക് മുമ്പ്

താടിവെക്കും മുമ്പ് വിവാഹത്തിന് തൊട്ടു മുമ്പുള്ള കാലം. അന്നാണച്ഛന്‍ ശരീരത്തെ പറ്റി അല്‍പ്പം ശ്രദ്ധിക്കുന്നതെന്ന് അമ്മ. സ്‌പോര്‍ട്ടിംഗ് യൂണിയന്റെ ജിംനേഷ്യത്തില്‍ സ്ഥിരം പോയി. അവിടെ നിന്നും ചില കഥകളുടെ വിത്തും കിട്ടി – ‘വികലാംഗര്‍,”ഘോഷയാത്ര’ …

പിന്നീട് താടിയായി.
കുറച്ച് കഴിഞ്ഞ് ഒന്ന് താടിയെടുത്തു. അപ്പോള്‍ അരോഗദൃഢഗാത്രനായ രണ്ടാമത്തെ ചേട്ടന്‍ മിലിട്ടറി ക്യാപ്റ്റന്റെ, ( 40 വയസ്സ്) അകാലവിയോഗം.. കാര്‍ഡിയാക് അറസ്റ്റ് .

വീണ്ടും താടിക്കാലം. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും താടി എടുത്തു. അപ്പോള്‍ നാല്‍പ്പത്തിയാറാം വയസ്സില്‍ ഡോക്ടറായ മൂത്ത ജ്യേഷ്ഠന്റെ മരണം. അറ്റാക്ക് തന്നെ.

ഇനി ഇല്ല. നമുക്ക് ഒരു ചേട്ടനും കൂടിയെ ഉളളു’ എന്ന് അമ്മയോട് പറഞ്ഞു.

ആ താടി പിന്നെ കളഞ്ഞതേയില്ല.
അന്ത്യം വരെ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News