‘ശവഭോഗം’ ഒഴിവാക്കാന്‍ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ കല്ലറ ഗ്രില്‍ ലോക്ക് സ്ഥാപിച്ച് പൂട്ടിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ദേശീയ വാര്‍ത്ത ഏജന്‍സികള്‍ അടക്കം രാജ്യത്തെയും കേരളത്തിലെയും മുഖ്യധാരാ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത വസ്തുതാവിരുദ്ധം. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നതിന്റെ തെളിവുകള്‍ അടക്കമാണ് പുറത്ത് വന്നിരിക്കുന്നത്.
വാര്‍ത്തകളോടൊപ്പം നല്‍കിയ ചിത്രങ്ങളില്‍ ഒരു ഗ്രില്‍ ലോക്ക് ഉറപ്പിച്ചിരിക്കുന്ന ഒരു ശവക്കുഴി കാണിക്കുന്നുണ്ട്. ‘ബലാത്സംഗം ഒഴിവാക്കാന്‍ പാകിസ്താനിലെ മാതാപിതാക്കള്‍ പെണ്‍മക്കളുടെ ശവക്കുഴികള്‍ ഗ്രില്ലിട്ട് പൂട്ടുന്നു’ എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ വാര്‍ത്തയും അതിനൊടൊപ്പം പ്രചരിക്കുന്ന ചിത്രവും വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
വാര്‍ത്തയോടൊപ്പം കൊടുത്തിരുന്ന ചിത്രങ്ങള്‍ ഇന്ത്യയിലെ ഹൈദരാബാദിലെ മദന്നപേട്ട് ഈദാഗിനടുത്തുള്ള ജുമാമസ്ജിദ് സലാര്‍-ഉല്‍-മുല്‍ക്കിനോട് ചേര്‍ന്നുള്ള ഖബര്‍സ്ഥാനില്‍ നിന്നുള്ളതാണ്. ഗ്രില്ലുകള്‍ എന്തിന് സ്ഥാപിച്ചു എന്നതിനെപ്പറ്റിയുള്ള ഖബര്‍സ്ഥാന്‍ സൂക്ഷിപ്പുകാരുടെ വിശദീകരണം അടക്കമാണ് നല്‍കിയാണ് വാര്‍ത്ത വ്യാജമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
ഖബറുകളിലെ ഗ്രില്‍ ലോക്കുകളുടെ പ്രാഥമിക ലക്ഷ്യം അനധികൃത പ്രവേശനം തടയുക എന്നതാണ്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മോഷ്ടിക്കുന്നത് തടയാനും മൃഗങ്ങളുടെ നുഴഞ്ഞുകയത്തില്‍ നിന്ന് സംരക്ഷണം ഒരുക്കാനുമാണ് ഇത്തരത്തില്‍ സംരക്ഷണ കവചം ഒരുക്കുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഗ്രില്ലുകള്‍ ഉപയോഗിക്കാന്‍ മറ്റുകാരണങ്ങളും ഖബര്‍സ്ഥാന്‍ സൂക്ഷിപ്പുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരേ കുഴിമാടത്തിന്റെ പുനരുപയോഗം തടയുക എന്ന കാരണമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പഴയ ഖബറുകള്‍ക്കടുത്തും, മുകളിലും പുതിയ ഖബറുകള്‍ അനുവാദമില്ലാതെ നിര്‍മ്മിക്കുന്നത് തടയാന്‍ ആ ഖബറില്‍ അടക്കം ചെയ്ത ആളുകളുടെ ബന്ധുക്കളാണ് ഇത്തരം ഗ്രില്ലുകള്‍ സ്ഥാപിച്ചതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ഖബര്‍സ്ഥാന്‍ അധികാരികളുടെ സമ്മതം ഇല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന ഖബര്‍സ്ഥാനിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വന്നിരിക്കുന്നത്. ഖബര്‍സ്ഥാന്‍ അധികാരികളുടെ വിശദീകരണത്തോടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്.
ഇത്തരത്തില്‍ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ കല്ലറ ഗ്രില്‍ ലോക്ക് സ്ഥാപിച്ച് പൂട്ടിയെന്ന നിലയില്‍ വന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് കൈരളി ന്യൂസ് ഓണ്‍ലൈനും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സംശയാസ്പദമാണെന്ന സൂചനകള്‍ വന്നപ്പോള്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് ബോധ്യപ്പെടുന്ന വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here