അര്ജുന് ഉള്‍പ്പെടെ അങ്കോള അപകടത്തില്‍പ്പെട്ട ആളുകള്‍ക്കായുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗംഗാവലി പുഴയിൽ ഉഗ്രസ്‌ഫോടനം, വെള്ളം സുനാമി പോലെ അടിച്ചുകയറി എന്നതടക്കമുള്ള വാര്‍ത്തകളാണ് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ജില്ല ഭരണകൂടമോ സര്‍ക്കാരോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നടത്തിയിട്ടില്ല.
അതേസമയം, സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഷിരൂരിൽ ടാങ്കർ സ്ഫോടനം ഉണ്ടായെന്നത് തെറ്റായ പ്രചാരണമാണ്. വൈദ്യുതി ലൈൻ പുഴയിൽ പൊട്ടി വീണപ്പോഴുണ്ടായ ചെറിയ പൊട്ടിത്തെറിയാണ്. 60 അടി ആഴത്തിൽ മണ്ണെടുക്കാൻ കഴിയുന്ന യന്ത്രം രാത്രിയോടെ എത്തും. നാളെ തിരച്ചിൽ ഇതിൻ്റെ സഹായത്തോടെയായിരിക്കും. നദിയിലെ മണ്ണ് നീക്കി തിരച്ചിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാതെ കേരളത്തിലെ മാധ്യമങ്ങളടക്കം ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കുന്നുണ്ട്. നിലവില്‍, ഗംഗാവലി പുഴയിൽ വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഈ പുഴയിലൂടെ തടി അടക്കം ഒഴുകിയിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അർജുന്റെ ലോറിയില്‍ നിന്നും വീണ തടിയാണെന്നാണ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here