ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണത്തില്‍ നിഖില്‍ തോമസിന് സസ്പെന്‍ഷന്‍. നിഖിലിനെ സസ്പെന്റ് ചെയ്തതായി കായംകുളം എംഎസ്എം കോളേജിലെ പ്രിന്‍സിപ്പല്‍ അറിയിച്ചു. വിഷയം അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചുവെന്നും രണ്ട് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
കോളേജിൽ നടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് നിഖിലിനെ സസ്പെന്‍റ് ചെയ്യാനുള്ള തീരുമാനമെടുത്തത്. അധ്യാപകർക്കെതിരെയും നടപടി വേണമെന്ന യോഗത്തിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അധ്യാപകർക്കെതിരായ നടപടി അന്വേഷിച്ചതിനു ശേഷം മാത്രമേ സാധിക്കുമെന്ന് കോളേജ് അധികാരികൾ മറുപടി നൽകി
അതേസമയം വിഷയത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ രംഗത്തെത്തി. കലിംഗ സര്‍വകലാശാലയിലെ ഹാജര്‍ പരിശോധിക്കണമെന്ന് എസ്എഫ്‌ഐ ആണ് ആദ്യം ആവശ്യപ്പെട്ടത്. പരീക്ഷയെഴുതിയാല്‍ മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സര്‍വകലാശാലകള്‍ രാജ്യത്ത് ഉണ്ട്. ഇതുപോലെയുള്ള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ പഠിക്കാന്‍ പോയത് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ആര്‍ഷോ പറഞ്ഞു.
Alss Read : തള്ളാനും കൊള്ളാനും കഴിയാതെ ‘പെട്ട്’സുധാകരന്‍; മോന്‍സനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പ്പര്യമില്ല
ക്ലീന്‍ചിറ്റല്ല നിഖിലിന് എസ്എഫ്ഐ കൊടുത്തത്. സര്‍വകലാശാല എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിഖിലിന് കൊടുത്തിട്ടുണ്ട്. അത് ഒറിജിനലാണ്. സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച രേഖകളില്‍ വസ്തുത ഉള്ളതുകൊണ്ടാകുമല്ലോ സര്‍വകലാശാല എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ആര്‍ഷോ ചോദിച്ചു.
സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിച്ചോ എന്നത് അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. അഡ്മിഷന്‍ ഏജന്റ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. നിഖില്‍ ആ മാഫിയയില്‍ ഉള്‍പ്പെട്ടോ എന്ന് പരിശോധിക്കണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കണം. കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ ആദ്യമായല്ല രാഷ്ട്രീയം കളിക്കുന്നതെന്നും ആര്‍ഷോ ഓര്‍മിപ്പിച്ചു.
സംഘടനയില്‍ വരുന്നവര്‍ക്ക് വേണ്ട രാഷ്ട്രീയ വിദ്യാഭ്യാസം എസ്എഫ്ഐ നല്‍കുന്നുണ്ട്. എസ്എഫ്ഐയുടെ നട്ടെല്ലിന്റെ അളവ് മാധ്യമപ്രവര്‍ത്തകരെടുക്കേണ്ട. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തേണ്ടത് തിരുത്തിയാണ് എസ്എഫ്‌ഐ മുന്നോട്ട് പോകുന്നത്. വിമര്‍ശനം വന്നപ്പോള്‍ നിഖിലിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.
ധീരജിനെ കൊലപ്പെടുത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ ഇപ്പോഴും സംസ്ഥാന- ജില്ലാ കമ്മിറ്റി ഭാരവാഹികളാണ്. നിഖിലിനെ ഒരു ഘടകത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെയാണ് വിഷയം പരിശോധിച്ചതെന്നും ആര്‍ഷോ മാധ്യങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here