‘തെറ്റിദ്ധരിപ്പിക്കൽ മനോരമയിൽ മതി എഡിറ്ററേ… ‘; ഒരു നുണ കൂടി പൊളിച്ചടുക്കുന്ന കുറിപ്പ്

മലയാള മനോരമയുടെ ഒരു നുണപ്രചരണം കൂടി പൊളിച്ചടുക്കുന്ന സുജിത് ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ് വെറലാകുന്നു. ‘തെറ്റിദ്ധരിപ്പിക്കൽ മനോരമയിൽ മതി എഡിറ്ററേ… ‘ എന്ന തലക്കെട്ടോടെയാണ് എങ്ങനെയാണ് എന്ന് വാർത്തകൾ വളച്ചൊടിക്കപ്പെടുന്നത് എന്നും പോസ്റ്റിലൂടെ സുജിത് വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

‘തെറ്റിദ്ധരിപ്പിക്കൽ മനോരമയിൽ മതി എഡിറ്ററേ… ‘

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ‘നേതാക്കളോടൊപ്പം’ പരിപാടിയാണ്‌ വേദി.
മീറ്റ്‌ ദ പ്രസ്‌ പൂർത്തിയായപ്പോൾ ടേബിളിൽ വെച്ചിരുന്ന വെള്ളമെടുക്കാൻ എം വി ഗോവിന്ദൻ മാസ്റ്റർ ആയുന്നു. ഗ്ലാസിൽ തൊട്ടപ്പോഴാണ്‌ ചൂടുവെള്ളമല്ല എന്ന്‌ മനസിലാക്കുന്നത്‌. ചൂടുവെള്ളമല്ല അല്ലേ എന്ന്‌ വേദിയിലുണ്ടായിരുന്ന കെയുഡബ്ല്യുജെ ഭാരവാഹികളായ മനോരമയിലെ സാനു ജോർജിനോടും കൈരളിയിലെ അനുപമ ജി നായരോടുമായി ചോദിക്കുന്നു. അല്ല എന്ന്‌ സാനു ജോർജിന്റെ മറുപടി. ചൂടുവെള്ളം എടുക്കണോയെന്ന്‌ അനുപമ ജി നായരുടെ മറുചോദ്യം. ഇനി വേണ്ട എന്ന്‌ പറഞ്ഞ്‌ മാഷ്‌ വേദി വിട്ടിറങ്ങുന്നു. വാർത്താ സമ്മേളനത്തിൽ ഏറ്റവുമധികം ചോദ്യം ചോദിച്ച ഏഷ്യാനെറ്റ്‌ ലേഖികയോടുൾപ്പെടെ സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ്‌ മാഷ്‌ ഹാളിൽ നിന്നിറങ്ങിയത്‌.

ഇതത്രയും നടന്ന സംഭവം…
മനോരമയുടെ ഫോട്ടോഗ്രാഫർ കണ്ടതും മനസിലാക്കിയതുമാണ്‌ ഇന്നത്തെ മനോരമയുടെ ഒന്നാം പേജ്‌ ചിത്രം. ആ മനസിലാക്കൽ ഇങ്ങനെയാണ്‌………
‘‘വെള്ളം തൊടാതെ: തിരുവനന്തപുരത്തെ മുഖാമുഖം പരിപാടിക്ക്‌ ശേഷം മേശമേൽ ഇരുന്ന വെള്ളം കുടിക്കാൻ കൈ നീട്ടുകയാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്ടെന്നാണ്‌ ക്യാമറകൾ ക്ലിക്ക്‌ ചെയ്യുന്ന ശബ്ദം കേൾക്കുന്നത്‌. അതോടെ വെള്ളം കുടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു’’

പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണമായൊരു സന്ദർഭത്തെ എങ്ങിനെ വക്രീകരിക്കാമെന്നാണ്‌ മനോരമയുടെ ശ്രമം. മാഷും കെയുഡബ്ല്യുജെ ഭാരവാഹികളും തമ്മിൽ നടന്ന സംഭാഷണം കേൾക്കാൻ കഴിയുന്നത്ര ദൂരത്തിലല്ലായിരുന്നു മനോരമ ഫോട്ടോഗ്രാഫറുടെ നിൽപ്പ്‌. എന്നിട്ടും യാതൊരുളുപ്പുമില്ലാതെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണ്‌ മനോരമ. വായനക്കാരന്റെ കണ്ണിനെ കബളിപ്പിക്കും വിധം ചിത്രവും നൽകിയിരിക്കുന്നു.
സ്വന്തം മനോധർമ പ്രകാരം ചിത്രത്തിന്‌ ക്യാപ്‌ഷനെഴുതും മുമ്പ്‌ ഫോട്ടോഗ്രാഫർക്കും അത്‌ അച്ചടിക്കും മുമ്പ്‌ ഡെസ്‌കിലുള്ളവർക്കോ ചുരുങ്ങിയത്‌ വേദിയിലുണ്ടായിരുന്ന സ്വന്തം സ്ഥാപനത്തിൽ നിന്നുള്ള കെയുഡബ്ല്യുജെ ഭാരവാഹിയോടെങ്കിലും ചോദിക്കാമായിരുന്നു.
അതെങ്ങനാണ്‌, ചോദിച്ച്‌ സത്യമറിഞ്ഞാൽ അതെഴുതേണ്ടി വന്നാലോ. അത് മനോരമയ്‌ക്ക്‌ ബുദ്ധിമുട്ടാകും. തുടർഭരണം വന്നതോടെ സമനില വിട്ട പ്രതിപക്ഷത്തെ കൈപിടിച്ചുകയറ്റാൻ തുനിഞ്ഞിറങ്ങിയ മനോരമയുടെ ഏക ആയുധം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്‌. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും പറഞ്ഞ്‌ സ്ഥാപിക്കുന്ന നിലവാരത്തിലേക്ക്‌ മനോരമ ഉയർന്നിരിക്കുകയാണ്‌. സുധാകരനെ രക്ഷപെടുത്താൻ മോൺസണിന്റെ പിന്നാലെ പോകും. ഭൂലോക തട്ടിപ്പുകാരന്റെ വാക്കുകൾ ലീഡ്‌ വാർത്തയാകും. സ്വർണ്ണക്കള്ളിയുടെ നുണകളിൽ വീണ്‌ മയങ്ങും. എഴുതാത്ത പരീക്ഷ എഴുതിയ ആൾ ജയിച്ചുവെന്ന്‌ തെറ്റായി വന്നാൽ അതെടുത്താഘോഷിക്കും. കെഎസ്‌യു സംസ്ഥാന കൺവീനർ വ്യാജ സർട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയതിറിഞ്ഞാൽ കണ്ണടച്ചുകിടക്കും. അങ്ങനങ്ങനെ കള്ളക്കഥയും തെറ്റിദ്ധരിപ്പിക്കലും തമസ്‌കരണവുമായി പൂർണ ചന്ദ്രനെതിരെ കുരച്ചുകുരച്ചു മുന്നേറുക…
ഒറ്റക്കാര്യം മാത്രം, സ്വന്തം കണ്ണിൽ തിരുകി വെച്ചിരിക്കുന്ന ഈർക്കിലി കോലെടുത്ത്‌ മാറ്റിയിട്ട്‌ മതി മറ്റുള്ളവർക്ക്‌ മാധ്യമധർമത്തിന്റെ സ്റ്റഡി ക്ലാസെടുക്കൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News