കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ ഏറെ പ്രചാരം നേടിയ വാർത്തയായിരുന്നു ഐസ്‌ലാൻഡിലെ യുവതികളെ സംബന്ധിച്ച വാർത്ത. ഐസ്‌ലാൻഡിലെ യുവതികളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്മാർക്ക് സർക്കാർ ഏകദേശം നാലേകാൽ ലക്ഷം രൂപ നൽകുന്നുവെന്നായിരുന്നു വാർത്ത. രാജ്യത്ത് പുരുഷന്മാരുടെ കുറവാണ് സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രചരിച്ചിരുന്നു.
ALSO READ: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി
സാമൂഹ്യമാധ്യമമായ ക്വോറയിലാണ് ഇത്തരത്തിലൊരു വാർത്ത പ്രത്യക്ഷപ്പെട്ടത്. ഒരുപാട് പേർ അവ പങ്കുവെക്കുകയും സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഇതൊരു ഓൺലൈൻ തട്ടിപ്പാണെന്നും വിവരങ്ങൾ വരുന്നു.
പണ്ടുമുതൽക്കേ ഇത്തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നതായാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ സ്‌നോപ്‌സ് ഡോട്ട് കോം പറയുന്നത്. പിന്നാലെ സ്പിരിറ്റ് വിസ്‌പേഴ്‌സ് എന്ന വെസ്‌ബൈറ്റും വ്യാപകമായി പരിശോധന നടത്തി വാർത്ത വ്യാജമാണെന്ന് കണ്ടുപിടിച്ചു. എന്നാൽ അപ്പോഴേക്കും വാർത്തകൾ വായിച്ച പുരുഷന്മാർ ഓഫർ പരിശോധിക്കാനും മറ്റും തുടങ്ങിയെന്നും അവർ കണ്ടെത്തി !
ഇത്തരം വ്യാജവാർത്തകളുടെ പരിണിതഫലം ഐസ്‌ലാന്റിക് യുവതികൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐസ്‌ലാൻഡ് മോണിറ്റർ എന്ന വെബ്‌സൈറ്റ് പറയുന്നു. നിരവധി ഫ്രണ്ട് റിക്വസ്റ്റുകളും പൂവാലശല്യവും ഐസ്‌ലാന്റിക് യുവതികൾ നേരിടുന്നതായി ഇവർ പറയുന്നു. രസകരമായ കാര്യം, ഐസ്‌ലാൻഡിൽ സ്ത്രീ – പുരുഷ അനുപാതത്തിൽ കുറവില്ലെന്ന് മാത്രമല്ല, പുരുഷന്മാർ കൂടുതലുമാണ്. ഇതൊന്നും അറിയാതെയാണ് വ്യാജവാർത്തകളിൽ ചില വിരുതന്മാർ വീഴുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here