പാകിസ്ഥാനിൽ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയ പൈലറ്റുമാർ വിമാനം പറത്തിയത് 24 വർഷം. ദേശീയ വിമാന കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലാണ് വ്യാജ സർട്ടിഫിക്കറ്റുമായി രണ്ടുപേർ ജോലി ചെയ്തതെന്ന് പാകിസ്താൻ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണത്തിലാണ് വ്യക്തമായത്. ഖാസാൻ അജിയാസ് ദൂദെ, മുഹ്സിൻ അലി എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈനിലേക്ക് ജോലിക്ക് കയറിയത്. 1995ലും 2006ലുമാണ് ഇവർ ജോലിയിൽ ചേരുന്നത്.
2018ൽ പാകിസ്താനിൽ 97 പേർ മരിച്ച വിമാനപകടം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പൈലറ്റ് വ്യാജനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണം വ്യാപിപ്പിച്ചത്. ഈ അന്വേഷണത്തിലാണ് കൂടുതൽ വ്യാജന്മാരെ കണ്ടെത്തിയത്. സംഭവത്തിൽ, രണ്ട് പൈലറ്റുമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതി മുമ്പാകെ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവർക്കുമെതിരെ കോടതി ജയിൽ ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
ALSO READ; പെഗാസസ് ഫോൺ ചോര്‍ത്തല്‍: ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനത്തിനെതിരെ യുഎസ് കോടതി
2022ൽ നടത്തിയ പരിശോധനയിൽ എയർലൈൻസിലെ വലിയൊരു ശതമാനം ജീവനക്കാരും വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജോലി നേടിയത് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പൈലറ്റുകളും ഇത്രയും കാലം വിമാനം പറത്തിയിരുന്നത് വ്യാജ രേഖകളുപയോഗിച്ചാണെന്ന് കണ്ടെത്തിയത്. രണ്ട് പൈലറ്റുകൾക്ക് പുറമെ ഒരു എയർ ഹോസ്റ്റസിനും ഒരു ഡേറ്റ ഓപ്പറേറ്ററിനുമെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ റിപ്പോർട്ടുകളെ തുടർന്ന് നിരവധി വിമാനകമ്പനികൾ പാകിസ്താനിൽ നിന്നുള്ള പൈലറ്റുമാരെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. യുറോപ്യൻ യൂണിയൻ സേഫ്റ്റി ഏജൻസി, യുകെ തുടങ്ങിയ രാജ്യങ്ങൾ പാകിസ്താനിൽ നിന്നുള്ള വിമാന കമ്പനിയുടെ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here