തിരുവനന്തപുരത്ത് വർക്കലയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശ്രീനിവാസൻ, മാതാവ് സുമതി എന്നിവർ ചേർന്നാണ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. വർക്കല എസ്എച്ച്ഒ പ്രവീണിന്‍റെ കൃത്യമായ രീതിയിലുള്ള അന്വേഷണത്തിന്റെ ഫലമായാണ് കുടുംബത്തിലുള്ളവർ തന്നെ നടത്തിയ മോഷണ നാടകം പൊളിഞ്ഞത്.
കഴിഞ്ഞദിവസമാണ് ശ്രീനിവാസൻ തന്റെ വീട്ടിൽ നിന്നും 5 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയതായി പോലീസിനെ അറിയിച്ചത്. അമ്മ സുമതിയെ കെട്ടിയിട്ട ശേഷം മുഖംമൂടി സംഘം പണം കവർന്നു എന്നാണ് ശ്രീനിവാസൻ പോലീസിന് മൊഴി നൽകിയത്. സ്ഥലത്ത് എത്തിയ പോലീസ്, ഡോഗ് സ്കോഡ് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പുകൾ നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസ് ശ്രീനിവാസൻ മാതാവ് സുമതി എന്നിവരെ ചോദ്യം ചെയ്യാനാരംഭിച്ചത്.
ALSO READ; തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച
ശ്രീനിവാസന്റെ ഭാര്യ ഗായത്രിയുടെ സ്വർണമാണ് കാണാതായത്. ഗായത്രിയുടെ ബന്ധുവിന്റെ വിവാഹത്തിന് നൽകാനായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കാണാതായത്. വിവാഹത്തിന് സ്വർണവും പണവും നൽകുന്നത് ശ്രീനിവാസനും മാതാവ് സുമതിക്കും ഇഷ്ടമില്ലായിരുന്നു. ഇതാണ് മോഷണ നാടകം ആസൂത്രണം ചെയ്യാൻ ഇടയാക്കിയത്. ശ്രീനിവാസൻ തന്നെയാണ് സ്വർണവും പണവും അലമാരയിൽ നിന്നും മാറ്റിയത്. അതിനുശേഷം സുമതിയെ കെട്ടിയിടുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ മൊഴി നൽകിയതിനും പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം തന്നെ മോഷണം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. വർക്കലയിൽ കുറുവാസംഘം ഇറങ്ങി എന്ന രീതിയിലുള്ള പ്രചരണം പോലും ഉണ്ടായി ഇതെല്ലാം ആണ് ഇപ്പോൾ പോലീസ് പൊളിച്ചടുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here