‘ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെയുള്ള വാസ്തവവിരുദ്ധമായ പ്രചരണം അപലപനീയം’; കെജിഎംഒഎ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അടിയന്തിര സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പഞ്ഞിയും തുണിയും വെച്ച് തുന്നിക്കെട്ടി എന്ന തികച്ചും വാസ്തവവിരുദ്ധമായ വാർത്തകൾ വിവിധ മാധ്യമങ്ങൾ വേണ്ടത്ര ജാഗ്രതയോ അന്വേഷണമോ കൂടാതെ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്യുന്നത് തികച്ചും അപലപനീയമാണെന്ന് കെജിഎംഒഎ.

Also read:‘പിണറായി വിജയന്റെ കാലത്ത് ചീഫ് സെക്രട്ടറിയാകാൻ കഴിഞ്ഞതിൽ അഭിമാനം’: വി വേണു

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയ്ക്ക് രക്തക്കുറവ് കണ്ടതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണുണ്ടായത്. അവിടെ വെച്ച് വയറ്റിലെ പുറം ഭാഗത്തെ മാംസപേശിക്ക് സമീപം കട്ടപിടിച്ച് കിടന്ന രക്തം നീക്കം ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം വക്രീകരിച്ച് മറുപിള്ള പോലും നീക്കം ചെയ്യാതെ ശസ്ത്രക്രിയയ്ക്ക് ശേഷം വയറു തുന്നിക്കെട്ടി എന്ന പ്രഥമദൃഷ്ട്യാ അവിശ്വസനീയമായ യുവതിയുടെ ആക്ഷേപത്തിലെ വസ്തുത മനസ്സിലാക്കാൻ പോലും ശ്രമിക്കാതെയാണ് ഡോക്ടറുടെ പേരടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സമൂഹത്തിലെ നിർധനരും അശരണരും ആയവരുടെ അത്താണികളായ സർക്കാർ ആതുരാലയങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. കടുത്ത മനുഷ്യവിഭവശേഷിക്കുറവ് മറി കടന്നു കൊണ്ട് സർക്കാർ മേഖലയിൽ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനേ ഇത്തരം റിപ്പോർട്ടിംഗ് ഉപകരിക്കൂ. ഇത്തരം വ്യാജപ്രചരണത്തിൻ്റെ യഥാർത്ഥ ഇരകൾ പേരും നാളും വെളിപ്പെടുത്തപ്പെട്ട് സമൂഹത്തിൻ്റെ പരിഹാസവും അധിക്ഷേപവും അനുഭവിക്കാൻ വിധിക്കപ്പെടുന്ന ബന്ധപ്പെട്ട ഡോക്ടർമാരാണ്. യാഥാർത്ഥ്യം എന്തെന്ന് അറിയും മുമ്പേ നിരവധി ആക്ഷേപങ്ങൾ ആ ഡോക്ടറും കുടുംബവും ഏറ്റുവാങ്ങിയിട്ടുണ്ടാവും.

Also read:യുപിയിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

മെഡിക്കൽ സംബന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യും മുമ്പേ നിജസ്ഥിതി എന്തെന്ന് ബന്ധപ്പെട്ട ആശുപത്രി അധികൃതരോടോ ഡോക്ടർമാരോടോ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നതിൽ മാധ്യമങ്ങൾ കൂടുതൽ അവധാനത പുലർത്തേണ്ടതുണ്ട്. സമീപ ദിവസങ്ങളിൽ മാത്രം ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാവുന്ന സമാന സ്വഭാവമുള്ള മൂന്നാമത്തെ സംഭവമാണിത്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ സർക്കാർ യുക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News