തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പരാതി കൊടുത്ത് പി കെ ശ്രീമതി ടീച്ചര്‍. കണ്ണൂര്‍ റൂറല്‍ എസ് പി ക്കാണ് പരാതി നല്‍കിയത്. തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന ക്യാപ്ഷനോടു കൂടി ശ്രീമതി ടീച്ചറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ശ്രീമതി ടീച്ചര്‍ പരാതിയില്‍ പറയുന്നു.
പരാതിയുടെ പൂര്‍ണ്ണരൂപം
എന്റെ ഫോട്ടോ വെച്ച് ഞാന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയാണ്. എന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ നിരവധിയാളുകള്‍ ഇത് കണ്ട് വിദേശത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതേ കുറിച്ച് അന്വേഷിക്കുകയാണ്. തിരുവോണത്തിന് എന്റെ വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാന്‍ പറഞ്ഞതായാണ് എന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഇങ്ങനെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്.
മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം എന്നെ വ്യക്തിപരമായി താറടിച്ച് കാട്ടാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആയതിനാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച് വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here