മുഖ്യമന്ത്രി-ജമാഅത്തെ ഇസ്ലാമി രഹസ്യകൂടിക്കാഴ്ചയെന്ന് വ്യാജ പ്രചാരണം; ഒരിക്കൽ പൊളിഞ്ഞ പച്ചക്കള്ളം ആവർത്തിക്കാൻ നാണമില്ലേ

കാലങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഒക്കെ പ്രചരിക്കുന്നത് ഒരു ചിത്രമാണ് മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമി കേരള അമീർ എം. ഐ. മുഹമ്മദ് അസീസിന് ഹസ്തദാനം നൽകുന്നത്. ഇതൊരു രഹസ്യ കൂടിക്കാഴ്ചയായിരുന്നു എന്നും ജമാഅത്തെ ഇസ്ലാമിയുമായി വോട്ട് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നുമാണ് വ്യാജമായി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന്റെ പ്രൈം ടൈം ചർച്ചയിൽ ഇതേ ചിത്രം വീണ്ടും കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ അവതാരകൻ ശ്രമം നടത്തിയിരുന്നു. കൂടാതെ പാലക്കാട്ടെ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ഇതേ നുണ ഒരു ചാനൽ ചർച്ചയിൽ ആവർത്തിച്ചു. എന്നാൽ ഈ ചിത്രത്തിന്റെ പുറകിലെ വസ്തുത എന്താണെന്ന് പരിശോധിക്കാം.

Also read: ‘സഖാക്കളുടെ ഉജ്ജ്വല സ്മരണ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാവും’; കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

2016 ൽ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസിൽ സന്ദർശിച്ച വേളയിലെ ചിത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ പ്രചരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ മുഖ്യമന്ത്രി അങ്ങോട്ട് പോയി സന്ദർശിച്ചതല്ല. ചില കാര്യങ്ങൾ മുഖ്യമന്ത്രിയെ കണ്ടു ബോധ്യപ്പെടുത്താനും പരാതി ഉന്നയിക്കാനും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചതാണ്. ഇതിന് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്ഥിരീകരിച്ച കാര്യമാണ്.

സംഘടനയെ കുറിച്ച് ചില കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനും ചില പരാതികള്‍ ബോധ്യപ്പെടുത്താനും ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു സന്ദര്‍ശനം നടത്തിയതെന്നും ആ അവസരത്തിൽ എടുത്ത ചിത്രമാണിതെന്നും ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

Also read: കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

കേരളത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തന്നെ സമീപിക്കുന്നവരുടെ എല്ലാം പരാതി കേള്‍ക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ ചിത്രം പകര്‍ത്തിയത് അവിടെ വച്ചാണെന്ന് കൃത്യമായി മനസ്സിലാകും. എന്നാൽ അത് മറച്ചുവെച്ച് ഗൂഢോദ്ദേശത്തോടെയാണ് ഈ ചിത്രം വീണ്ടും പ്രചരിപ്പിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, ജമാഅത്തെഇസ്ലാമി തുടങ്ങിയ സംഘടനകൾ യുഡിഎഫിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഫലം വന്ന ശേഷം എസ്ഡിപിഐ ആഹ്ലാദപ്രകടനം നടത്തിയതും വലിയ ചർച്ചയായിരുന്നു. ഇതോടെ എസ്ഡിപിഐ, ജമാഅത്തെഇസ്ലാമി തുടങ്ങിയ സംഘടനകളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന ആരോപണം കൂടുതൽ ബലപ്പെടുകയാണ്. വർഗീയകക്ഷികളുമായി കൂട്ടുകൂടി മുഖം വികൃതമായ യുഡിഎഫിനെ രക്ഷിക്കാനുള്ള ചിലരുടെ പാഴ് വേലയാണ് വ്യാജചിത്രം പ്രചരിപ്പിക്കുന്ന ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration