‘രാഷ്ട്രീയ നാടകമെന്ന് സംശയിച്ചിരുന്നു’; പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം

പുല്‍വാമ ഭീകരാക്രമണത്തില് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം രംഗത്ത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്ന ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൈനികരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. സത്യപാല്‍ മാലിക്കിന്റെ അഭിമുഖം പുറത്തുവിട്ട ‘ദി വയര്‍’ തന്നെയാണ് ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിനായിരുന്നു പുല്‍വാമയില്‍ നാല്‍പത്തിയൊന്‍പത് സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്നത്. സംഭവം നടന്ന അന്ന് മുതല്‍ അതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുണ്ടെന്ന് സംശയിച്ചിരുന്നതായി കൊല്ലപ്പെട്ട സൈനികന്‍ ഭഗീരഥിന്റെ പിതാവ് പറയുന്നു. അതൊരു രാഷ്ട്രീയ നാടകമായി സംശയിച്ചിരുന്നു. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലോടെ അത് തീര്‍ച്ചയായി. വീണ്ടും അധികാരത്തില്‍ വരാന്‍ മോദി സര്‍ക്കാര്‍ കളിച്ച നാടകമായിരുന്നു അതെന്ന് താന്‍ വിശ്വസിക്കുന്നവെന്നും ഭഗീരഥിന്റെ പിതാവ് പശുറാം പറയുന്നു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീത്റാമിന്റെ സഹോദരന്‍ വിക്രമും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സഹോദരന്‍ കൊല്ലപ്പെട്ടതിന് ശേഷം കുടുംബം ഇപ്പോഴും ദുഃഖത്തിലാണ്. കുടുംബാംഗം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അത് മനസിലാകുകയുള്ളൂ. ഇത്രയും ഗൗരവമുള്ള കാര്യം സത്യപാല്‍ മാലിക്ക് അന്നു തന്നെ വെളിപ്പെടുത്തണമായിരുന്നുവെന്നും ജീത്‌റാമിന്റൈ സഹോദരന്‍ പറയുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട രോഹിതാഷ് എന്ന സൈനികന്റെ കുടുംബവും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. തന്റെ സഹോദരനടക്കമുള്ളവര്‍ക്ക് ജീവഹാനിയുണ്ടായത് സര്‍ക്കാറിന്റെ കഴിവുകേട് മൂലമാണെന്ന് രോഹിതാഷിന്റെ സഹോദരന്‍ ജിതേന്ദ്ര പറഞ്ഞു. പുല്‍വാമയില്‍ സൈനികര്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകരുത്. സൈനികരെ കൊണ്ടുപോകാന്‍ എയര്‍ക്രാഫ്റ്റ് വേണമെന്ന ആവശ്യത്തോട് ആഭ്യന്തര മന്ത്രാലയം നോ പറയരുതായിരുന്നു. സൈനികര്‍ ചോദിക്കുന്നത് ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ജിതേന്ദ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here