യുദ്ധം തകര്‍ത്ത ഗാസയില്‍ പട്ടിണി രൂക്ഷം. 10 ല്‍ 9 കുടുംബങ്ങള്‍ക്കും ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് യു എന്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. നിലവില്‍ റാഫാ അതിര്‍ത്തി വഴി മാത്രമാണ് ഗാസയിലേക്ക് ഭക്ഷണമുള്‍പ്പെടെ എത്തുന്നത്. ഷെല്ലാക്രമണം ശക്തമായി തുടരുന്നതും ഭക്ഷണ വിതരണം തടസപ്പെടുത്തുന്നുണ്ട്.
‘മൂന്ന് വയസുകാരിയായ എന്റെ മകള്‍ എന്നോട് മധുര പലഹാരങ്ങള്‍ക്ക് ചോദിക്കുന്നു, അവള്‍ക്ക് ആപ്പിളുകള്‍ വേണമെന്ന് പറയുന്നു. ഇഷ്ടപ്പെട്ട പഴങ്ങള്‍ക്ക് വേണ്ടി അവളെന്നോട് കെഞ്ചി ചോദിക്കുന്നു. ചുറ്റും യുദ്ധം നടക്കുന്നെന്നും നമ്മുടെ നാട് പട്ടിണിയാണെന്നും ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണമെങ്കിലും ലഭിക്കുന്ന നമ്മള്‍ ഭാഗ്യവാന്മാരാണെന്നും അവളോട് ഞാന്‍ പറഞ്ഞുനോക്കി. പക്ഷേ യുദ്ധവും അധിനിവേശവും എന്താണെന്ന് തിരിച്ചറിയാന്‍ മാത്രം വളര്‍ന്നിട്ടില്ലാത്ത അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ഇഷ്ട ഭക്ഷണം കിട്ടാത്തതിന്റെ കുറുമ്പ് നിറഞ്ഞ പരിഭവം മാത്രമായിരുന്നു’. നാസര്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോക്ടര്‍ അഹമ്മദ് മൊഘ്‌റാബി പറഞ്ഞ് നിര്‍ത്തുമ്പോള്‍ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
Also Read: പ്രതിഷേധക്കാര്‍ക്കിടയില്‍ ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി പ്രോട്ടോക്കോള്‍ ലംഘനം
യുദ്ധക്കെടുതി ഒടുങ്ങാത്ത ഗാസയില്‍ പട്ടിണി മനുഷ്യരുടെ സന്തതസഹചാരിയായിക്കഴിഞ്ഞു. പണമോ സ്ഥാനമാനങ്ങളോ ഒന്നും ഗാസയില്‍ ഇപ്പോള്‍ മനുഷ്യരുടെ വിഷയമല്ല. ഒരു കഷ്ണം റൊട്ടികിട്ടിയാല്‍ പോലും തങ്ങള്‍ ഭാഗ്യവാന്മാരെന്ന് ചിന്തിക്കുന്നവരായി ആ ജനത മാറിക്കഴിഞ്ഞു. പട്ടിണി അത്രമേല്‍ ഗാസയില്‍ പിടിമുറുക്കിക്കഴിഞ്ഞു. യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകള്‍ക്കിപ്പുറം ഗാസ ഇങ്ങനെയാണ്. പകലും രാത്രിയും എല്ലാം പട്ടിണി. ജീവന്‍ നിലനിര്‍ത്താന്‍ ആകെയുള്ളത് എവിടെ നിന്നെങ്കിലും കിട്ടുന്ന ഇത്തിരി വെള്ളം മാത്രം. യു എന്‍ ഏജന്‍സികള്‍ക്കുള്‍പ്പെടെ ഗാസയില്‍ ഭക്ഷണം എത്തിക്കാനാവാതെ വന്നതോടെയാണ് മേഖലയില്‍ പട്ടിണി രൂക്ഷമായത്.
10 ല്‍ 9 കുടുംബങ്ങള്‍ക്കും ഒരുനേരം പോലും ഭക്ഷണം കിട്ടുന്നില്ലെന്നാണ് യു എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവികള്‍ പറയുന്നത്. നിലവില്‍ റഫാ അതിര്‍ത്തി വഴിയാണ് ഗാസയിലേക്ക് സഹായം എത്തുന്നത്. വ്യോമാക്രമണങ്ങള്‍ ശക്തമായി തുടരുന്നതിനാല്‍ സാധനങ്ങള്‍ വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകളും, അല്‍പമെങ്കിലും സാധനങ്ങള്‍ കരുതലുള്ള കടകള്‍ക്ക് മുന്നിലെ നീണ്ട നിരകളും ഗാസയിലെ വിശപ്പിന്റെ നേര്‍ക്കാഴ്ചകളാണ്. കൂടുതല്‍ അതിര്‍ത്തികള്‍ തുറക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരമാകൂ എന്നാണ് സേവന സംഘടനകള്‍ പറയുന്നു. മരണത്തിന്റെ ഗന്ധമുള്ള മണ്ണില്‍ വിശന്നു മരിക്കുന്ന മനുഷ്യരുടെ വാര്‍ത്തയും ഇനി കേള്‍ക്കേണ്ടി വന്നേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here