ഗുണ്ടാ കല്യാണം; കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു, വിവാഹം മാര്‍ച്ച് 12 ന്

കുപ്രസിദ്ധ ഗുണ്ടാനേതാക്കൾ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിൽ ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് കഴിഞ്ഞ ദിവസം പരോൾ ലഭിച്ചിരുന്നു. ഇയാൾക്ക് സുരക്ഷയൊരുക്കാനും കോടതി നിർദ്ദേശമുണ്ട്. സന്ദീപ് എന്ന് പേരുള്ള കാലാ ജഠെഡി ദില്ലി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പണം തട്ടല്‍ എന്നീ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

Also Read; ‘കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, ജയിക്കുന്നവർ ആരൊക്കെ പിന്നീട് കോൺഗ്രസിൽ ഉണ്ടാവുമെന്ന് പറയാനാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

രാജസ്ഥാനിലെ സികാര്‍ സ്വദേശിനി അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി എന്നീ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. 2017-ല്‍ ഉണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളിയാണ് ഇവർ. ഇരകളെ വിരട്ടാൻ എകെ 47 തോക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. അതിനാലാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷൻ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെ ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേർന്നു. തുടര്‍ന്ന് പണം തട്ടല്‍, കവര്‍ച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലും പ്രതിയായി.

ക്രിമിനലുകളായ കാലായും അനുരാധയും 2020 മുതല്‍ തന്നെ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന പേരിൽ പലയിടങ്ങളിലും ഒളിവിൽ കഴിഞ്ഞ വരുന്നതിനിടെയാണ് രണ്ടുപേരും പൊലീസിന്റെ പിടിയിലാകുന്നത്. 2021-ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷന്റെ ഭാഗമായിരുന്നു ഇരുവരുടെയും അറസ്റ്റ്. നിലവില്‍ അനുരാധ ജാമ്യത്തിലാണ്, കാലാ ജഠെഡി തിഹാര്‍ ജയിലിലും. ജാമ്യത്തിലിറങ്ങിയ ശേഷം അനുരാധ ചൗധരി പ്രതിശ്രുത വരനെ കാണാൻ പതിവായി ജയിലിലെത്തിയിരുന്നു. ഇതിനൊടുവിലാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനമെടുക്കുന്നത്.

Also Read; മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

മാര്‍ച്ച് 12-ന് രാവിലെ പത്തുമണി മുതലാണ് ഗുണ്ടാനേതാക്കളുടെ വിവാഹചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ദ്വാരകയാണ് വിവാഹവേദി. ‘ഗുണ്ടാകല്ല്യാണം’ ഡല്‍ഹി പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here