പ്രശസ്ത സംവിധായകന്‍ എം. മോഹന്‍ അന്തരിച്ചു; നഷ്ടമായത് നവീന ചിന്തകളാല്‍ 1980 കളിലെ മലയാള സിനിമയെ സമ്പുഷ്ടമാക്കിയ കലാകാരനെ

പഴമയുടെ ശീലുകളില്‍ പതിഞ്ഞിരുന്ന മലയാള സിനിമയെ എണ്‍പതുകളിലെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രധാനിയായ സംവിധായകന്‍ എം. മോഹന്‍ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന എണ്‍പതുകളില്‍ തന്റെ വ്യത്യസ്തമായ ചിന്തകള്‍ കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് മോഹന്‍.

ALSO READ: സുരേഷ് ഗോപിയുടേത് പാര്‍ട്ടി നിലപാടല്ല: കെ സുരേന്ദ്രന്‍

1978-ല്‍ പുറത്തിറങ്ങിയ ‘വാടക വീട്’ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് ‘രണ്ട് പെണ്‍കുട്ടികള്‍’ , ‘ശാലിനി എന്റെ കൂട്ടുകാരി’ എന്നീ സിനിമകളും ‘വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷെ, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത’ തുടങ്ങി 23 ചിത്രങ്ങളും മോഹന്‍ സംവിധാനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു മോഹന്റെ പ്രീഡിഗ്രി പഠനം. തുടര്‍ന്ന് മദ്രാസിലെ ജെയ്ന്‍ കോളജില്‍ ബികോം പഠിക്കാനായി ചേര്‍ന്നത് സിനിമയിലേക്കുള്ള വഴിത്തിരിവായി. കോളജിലെ ലോനപ്പന്‍ എന്നൊരു അധ്യാപകന്‍ സിനിമയിലുള്ള തന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിയ്ക്കും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡിനും മോഹനെ പരിചയപ്പെടുത്തി. തുടര്‍ന്ന് അച്ഛന്റെ ഒരു സുഹൃത്തിലൂടെ സംവിധായകന്‍ എം. കൃഷ്ണന്‍ നായരെ പരിചയപ്പെട്ടു. തുടര്‍ന്നായിരുന്നു മലയാള സിനിമയിലേക്കുള്ള മോഹന്റെ അരങ്ങേറ്റം.

ALSO READ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച്; തുറന്നുപറച്ചിലുമായി ആര്‍ട്ടിസ്റ്റ് സന്ധ്യ

തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മോഹന്‍ മലയാള സിനിമയ്ക്ക് അവിസ്മരണീയ സംഭാവനകള്‍ നല്‍കി. ‘അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ’ എന്നീ സിനിമകള്‍ക്ക് മോഹന്‍ തന്നെ തിരക്കഥ എഴുതി. പില്‍ക്കാലത്ത് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയ നെടുമുടി വേണുവിനെ മോഹനായിരുന്നു തന്റെ വിടപറയും മുന്‍പേ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി അവതരിപ്പിച്ചത്. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസെന്റിനെയും സിനിമയിലെത്താന്‍ സഹായിച്ചത് മോഹനാണ്. പിന്നീട് ഇന്നസെന്റുമായി ചേര്‍ന്ന് അദ്ദേഹം ചില ചിത്രങ്ങളും നിര്‍മിച്ചു. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിനെയും മോഹന്‍ സിനിമയിലെത്തിച്ചു. 2005-ല്‍ പുറത്തിറങ്ങിയ ‘ദി ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നര്‍ത്തകിയുമായ അനുപമയാണ് ഭാര്യ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News