ഒരു കാലഘട്ടത്തിന്‍റെ കതിവന്നൂര്‍ വീരന്‍; രാമന്‍ കുറ്റൂരാന് വിട

ബിജു മുത്തത്തി

മാങ്ങാട്ടുനിന്ന് മലമുടി കയറിപ്പോയ ധീരനായ മന്ദപ്പന്‍ ഒടുവില്‍ പ്രണയത്തിലും യുദ്ധത്തിലും പൊരുതിത്തോറ്റ് മരണത്തിലേക്ക് മുടിയഴിക്കുന്നതിനു മുമ്പ് ചെമ്മരത്തിത്തറയില്‍ വീണ് മുട്ടുകുത്തിച്ചൊല്ലുന്ന അവസാനത്തെയൊരു വാചാലുണ്ട്. അത് ഏതാണ്ടിങ്ങനെയാണ്-

”മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങൾ എന്‍റെ നേരമ്മാവ
മരിച്ചിനിന്നിട്ടേഴും പതിമൂന്നും വേണ്ടെനിക്ക്
അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം
വാർക്കോഴി മധുകലശം കട്ടിയപ്പം കരിംകലശം
പുറത്തു ചങ്ങാതികൾക്കും കൊടുത്താൽ മതി”

രാമന്‍ കുറ്റൂരാന്‍ എന്ന ഞങ്ങളുടെ നാടിന്‍റെ മഹാതെയ്യം കലാകാരന്‍ ഇനിയില്ലെന്നറിയുമ്പോള്‍ തകരുന്ന ചെണ്ടയക്ക് നടുവിലൂടെ നേര്‍ത്ത ഈണത്തിലുള്ള ആ വാചാലാണ് എന്‍റെ മനസ്സില്ലെത്തുന്നത്. ‘കുറ്റൂരാനും മരിച്ചിനെന്നു ഭാവിക്കുന്നില്ല ഞങ്ങള്‍ എന്‍റെ നേരമ്മാവാ’ എന്നു കേള്‍ക്കുന്നതു പോലെ. കണ്ണീരുവീണ് എത്ര  തെയ്യങ്ങളുടെ മുഖത്തെഴുത്തുകളാകും ഇപ്പോള്‍ കലങ്ങിയൊഴുകുന്നുണ്ടാവുക?!.

ദൈവങ്ങള്‍ കെട്ടാന്‍ നിയോഗിക്കപ്പെട്ട മനുഷ്യന്‍ മാത്രമല്ല അക്ഷരാര്‍ത്ഥത്തില്‍ ദൈവം തന്നെയായിരുന്നു ഞങ്ങള്‍ക്ക് ഈ മനുഷ്യന്‍. അനുഗ്രഹത്തിന്‍റെ അരിയും പൂവും മഞ്ഞക്കുറിക്കുമൊപ്പം കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഗര്‍ഭകാലം തൊട്ടേ ഔഷധം കുറിക്കുന്ന വൈദ്യനുമായിരുന്നു കുറ്റൂരാനെന്നും കുറ്റുവനെന്നുമെല്ലാം അറിയപ്പെട്ടിരുന്ന രാമന്‍ പെരുവണ്ണാന്‍.

ഞങ്ങളുടെ ബാല്യത്തിലും കൗമാരത്തിലുമായിരുന്നു കുറ്റൂരാന്‍റെ തെയ്യങ്ങളുടെ പ്രതാപകാലം. തെയ്യങ്ങളുടെ തെയ്യമായ കതിവന്നൂര്‍ വീരനായിരുന്നു അതില്‍ കെങ്കേമം. കതിവന്നൂര്‍ വീരനുവേണ്ട എല്ലാ ശരീര-ശാരീര ഗുണങ്ങളും അറിവും അഭ്യാസവും ഇതുപോലെ ഒത്തിണങ്ങി നില്‍ക്കുന്ന വേറൊരു തെയ്യക്കാരനെ ഞങ്ങള്‍ കണ്ടിട്ടില്ല. അല്ലെങ്കില്‍ മറ്റൊരു തെയ്യക്കാരന്നും കുറ്റുവനെപ്പോലെ ആ വീരനെക്കെട്ടി ഞങ്ങളെ സംതൃപ്തമാക്കാനായിട്ടില്ല.

എല്ലാ കതിവന്നൂര്‍ വീരന്മാരെയും കാണുമ്പോള്‍ ഞങ്ങള്‍
കുറ്റുവനെയാണ് മനസ്സില്‍ക്കണ്ടതെന്ന് പറയാം. അദ്ദേഹത്തിന്‍റെ വാക്കും നോക്കും  അടവുകളും ചുവടുകളും മുഖതേജസ്സുമെല്ലാം മറ്റുള്ളവര്‍ കടമെടുത്തുവെന്നേ തോന്നിയിട്ടുള്ളൂ. ദൈവപദവി നേടിയ മന്ദപ്പന്‍ എന്ന പച്ച മനുഷ്യനെക്കുറിച്ചുള്ള എന്‍ പ്രഭാകരന്‍ മാഷിന്‍റെ ‘ഏഴിനും മീതെ’ എന്ന നോവല്‍ ഞാന്‍ ഹൃദിസ്ഥമാക്കിയ നാള്‍ തൊട്ട് അതിലെ മന്ദപ്പന്നും ഈ മഹാഗുരുവിന്‍റെ രൂപമായാണ് തോന്നിയത്.

എത്ര കണ്ടാലും കേട്ടാലും മതിവരാത്ത മന്ദപ്പന്‍റെ കഥകള്‍ ബാല്യകാലം തൊട്ടേ ഞങ്ങളുടെ രക്തത്തിലലിഞ്ഞതാണ്. കഥയുടെ ആ സങ്കല്‍പ്പദേശം ലക്ഷ്യമാക്കി, ലേശം മുതിര്‍ന്നപ്പോള്‍ മന്ദപ്പനും ചങ്ങാതികളും പോയ വഴികള്‍ തേടി ഞങ്ങള്‍ കുറേ ചെറുപ്പക്കാര്‍ കുടകുവരെ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കൈരളിക്കുവേണ്ടി വരവിളി എന്ന ഡോക്യുമെന്‍ററി ചെയ്തപ്പോഴും എന്‍റെ മനസ്സില്‍ ഈ വലിയ കലാകാരന്‍റെ മുഖമായിരുന്നു, പക്ഷേ എന്തു ചെയ്യാം. അപ്പോഴേക്കും പ്രായവും രോഗവും അദ്ദേഹത്തെ അണിയലത്തിന്‍റെ പിന്നിലേക്കു കൈപിടിച്ചിരുത്തുന്നതാണ് കണ്ടത്.

 എന്‍റെ കൗമാര ഓര്‍മ്മകള്‍ എങ്ങോട്ടു മറിച്ചാലും, കുറ്റുവനും സംഘവും നീണ്ട തെയ്യക്കാലങ്ങളുടെ ഉറക്കച്ചടവുകള്‍ കടന്ന് ചുമലിലൊരു ഭാണ്ഡവും തൂക്കി,  വയലിന്‍റെയോ കുന്നിന്‍റേയോ ചെമ്മണ്‍പാതയുടേയോ അങ്ങേയറ്റത്തു നിന്നും നടന്നുവരുന്നത് ഞാന്‍ കാണാറുണ്ട്. മുത്തപ്പന്‍ കഴിഞ്ഞുള്ള വരവാണെങ്കില്‍ കടല പുഴുങ്ങിയതും തേങ്ങപ്പൂളും, കതിവന്നൂര്‍ വിരനായിരുന്നെങ്കില്‍ കൊഴിവരട്ടിയതും ചെമ്മരത്തിയൂട്ടും രണ്ടു മൂന്ന് പറമ്പിനപ്പുറത്തുള്ള ഞങ്ങളുടെ വീട്ടിലുമെത്തും. അച്ഛന്‍ സഹപാഠിയും കളിക്കൂട്ടുകാരനുമായിരുന്നതിന്‍റെ സ്നേഹവും കരുതലുമാണത്.

കാനായിയിലെ അച്ഛന്‍റെ വീട്ടിലേക്ക് പറങ്കിമാങ്കൂട്ടങ്ങള്‍ നിറഞ്ഞ കുതിരക്കൊട്ടച്ചാല്‍ കുന്ന് നടന്നു കയറി കുറ്റുവന്‍റെ വീട്ടുമുറ്റത്തൂടെയല്ലാതെ അക്കാലത്ത് എനിക്ക് വേറൊരു വഴിയും ഉണ്ടായിരുന്നില്ല. കാലം പോകെ ആ വഴികളെല്ലാം അടഞ്ഞു. തെയ്യങ്ങളുടെ നടുവില്‍ നിന്ന് തെയ്യങ്ങളേ ഇല്ലാത്ത നാടുകളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടു. എങ്കിലും നാട്ടില്‍പ്പോകുമ്പോഴെല്ലാം വല്ലപ്പോഴും തെയ്യങ്ങളുടെ അണിയലമായ ഓലപ്പുരയുടെ ഒരറ്റത്തിരുന്ന് പൂര്‍ണ്ണവിനായാന്വിതനായി ഒരു മനുഷ്യന്‍ എല്ലാവരെയും കൈതൊഴുത് ദൈവത്തെ പോലെ ഇരിക്കുന്നത് ഞാന്‍ കാണാറുണ്ട്. ഇനി ആ കാഴ്ചയുമില്ല.

ഒരു കാലഘട്ടത്തിന്‍റെ കതിവന്നൂര്‍ വീരന്‍ തന്നെയായിരുന്നു രാമന്‍ കുറ്റൂരാന്‍. ജീവിതത്തിന്‍റെ പടക്കളത്തില്‍ നിന്ന് കണ്ണടയ്ക്കും മുമ്പ് അദ്ദേഹവും മന്ദപ്പനെപ്പോലെ മന്ത്രിച്ചുവോയെന്ന് അറിയില്ല.
”അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം,
വാർക്കോഴി മധുകലശം കട്ടിയപ്പം കരിംകലശം,
പുറത്തു ചങ്ങാതികൾക്കും കൊടുത്താൽ മതി”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News