മഹാരാഷ്ട്രയിൽ ഉള്ളി ലേലം ബഹിഷ്കരിച്ച് നാസിക്കിലെ കർഷകർ. കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു മൊത്തവിപണിയെ പ്രതിസന്ധിയിലാക്കിയ കർഷക രോഷം. മഹാരാഷ്ട്രയിലെ ഉള്ളി കർഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മഹാരാഷ്ട്രയിൽ കർഷകരോടുള്ള കരുതലുകൾ തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്. ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളയാനും കയറ്റുമതി നികുതിയിൽ ഇളവ് നൽകാനും തെരഞ്ഞെടുപ്പിന് മുൻപാണ് മോദി സർക്കാർ തീരുമാനിച്ചത്. 40 ശതമാനമായിരുന്ന നികുതി പകുതിയായി കുറച്ചെങ്കിലും ദുരിതങ്ങൾ തുടർക്കഥയാകുകയാണ്.
ഉള്ളി കയറ്റുമതി ചെയ്യുന്നതിന് 20 ശതമാനം നികുതിയാണ് നിലവിലുള്ളത്. എന്നാൽ വിപണിയിൽ ഉള്ളിവില കുറഞ്ഞതിനെത്തുടർന്ന് കയറ്റുമതി നികുതി ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ആവശ്യത്തിലധികം ഉള്ളി വിപണിയിലെത്തുന്നത് കൊണ്ടാണ് ഉള്ളിക്ക് നല്ലവില ലഭിക്കാത്തതെന്നാണ് കർഷകർ പറയുന്നത്. കയറ്റുമതി കുറഞ്ഞതോടെയാണ് കൂടുതൽ ഉള്ളി മൊത്തവിപണിയിൽ വരാൻ തുടങ്ങിയത്.
കേന്ദ്രസർക്കാർ ഉള്ളി കയറ്റുമതി നികുതി പിൻവലിച്ചാൽ ഇതിനൊരു പരിഹാരമാകും. കൂടുതൽ ഉള്ളി കയറ്റുമതി ചെയ്യുന്നതോടെ മൊത്ത വിപണിയിൽ ഉള്ളിയുടെ വരവ് കുറയുകയും കർഷകർക്ക് കൂടുതൽ വില ലഭിക്കുകയും ചെയ്യും.
മഹാരാഷ്ട്രയിലെ ഉള്ളി കർഷകസംഘടനയുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച നാസിക്കിൽ പ്രതിഷേധം. ഒരു മാസത്തിനിടയിൽ ഉള്ളിലേലത്തിൽ പങ്കെടുക്കാതെ കർഷകർ മാറിനിൽക്കുന്നത് ഇത് മൂന്നാം തവണയാണ്.
also read: തുനിഞ്ഞിറങ്ങി കേന്ദ്രം; അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കുന്നു
ലേലം തുടങ്ങുമ്പോൾ ക്വിന്റലിന് 1,750 രൂപയായിരുന്നു ഉള്ളിവില. ഇതേത്തുടർന്നാണ് കർഷകർ ലേലം ബഹിഷ്‌ക്കരിച്ചത്. പിന്നീട് എ.പി.എം.സി. ഉദ്യോഗസ്ഥർ ഇടപെട്ടാണ് കർഷകർ ഉള്ളി വിൽക്കാൻ തയ്യാറായത്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here