കോഴിക്കോട് ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾ നടത്തിയ വാഹന ജാഥയും, മറ്റ് അഭ്യാസ പ്രകടനങ്ങളും കോളേജ് അധികൃതരുടെ അറിവോടെയല്ലെന്ന് പ്രിൻസിപ്പൾ. ക്യാമ്പസിലെ ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നത് സെപ്റ്റംബർ 12 വ്യാഴാഴ്ചയായിരുന്നു. എന്നാൽ ബുധനാഴ്ച വൈകുന്നേരം കോളേജിന് പുറത്ത് നടത്തിയ ആഘോഷങ്ങൾ ഒരു വിഭാഗം വിദ്യാർത്ഥികൾ കാമ്പസിന് വെളിയിൽ രഹസ്യ സ്വഭാവത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതാണ് എന്നും പ്രിൻസിപ്പൾ പറഞ്ഞു. കോളേജ് പ്രിൻസിപ്പൾ തന്റെ കുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം;
കഴിഞ്ഞ ബുധനാഴ്ച {11/09/2024} വൈകുന്നേരം ഫാറൂഖ് കോളേജ് ക്യാമ്പസ്സിനു പുറത്തുള്ള റോഡിലൂടെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ വാഹന ജാഥയും മറ്റ് അഭ്യാസ പ്രകടനങ്ങളും കോളേജ് അധികൃതരുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് നടന്നിട്ടുള്ളത്. കോളേജ് ക്യാമ്പസിൽ ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നത് സെപ്റ്റംബർ 12 വ്യാഴാഴ്ച, 10 മണി മുതൽ 4 മണി വരെ ആണ്. അതിൻ പ്രകാരം കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും, കോളേജ് സ്റ്റുഡൻസ് യൂണിയൻ, ഡാൻസ് ക്ലബ്ബ്, തീയറ്റർ ക്ലബ്ബ് എന്നിവരുടെയും ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികളും മത്സരങ്ങളും സഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ 11/9/2024 ന് ബുധനാഴ്ച കോളേജിന് പുറത്ത് നടത്തിയ ആഘോഷങ്ങൾ ഒരു വിഭാഗം വിദ്യാർത്ഥികൾ കോളേജ് കാമ്പസിനു വെളിയിൽ രഹസ്യസ്വഭാവത്തിൽ ആസൂത്രണം ചെയ്ത് നടത്തിയതാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മറസ്സിലാക്കുന്നത്. ബുധനാഴ്ച കോളേജ് അധ്യയന സമയത്തിന് ശേഷം ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജിന് പിന്നിലുള്ള ചുള്ളിപ്പറമ്പ് റോഡിൽ വാഹനങ്ങളുമായി ഒത്തു ചേരുകയും, പരുത്തിപ്പാറ റോഡിലൂടെ വന്ന് കോളേജിന് മുന്നിലുള്ള അങ്ങാടിയിലെത്തുകയും പിന്നീട് അവിടെ നിന്ന് മേലെവാരം ഭാഗത്തേക്ക് സഞ്ചരിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ അറിയിച്ചിട്ടുണ്ട്.
റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുകയും നിയമ വിരുദ്ധമായി വാഹനമോടിച്ച് പൊതു ജനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ബുദ്ധി മുട്ടുണ്ടാക്കുകയും ചെയ്തു എന്ന സംഭവത്തെ വളരെ ഗൗരവമായാണ് കോളേജ് കാണുന്നത്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട്. റിപ്പോർട്ട് കോളേജ് കാൺസിൽ, PTA എന്നിവയിൽ ചർച്ച ചെയ്ത് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here