ഇതര മതസ്ഥനുമായി പ്രണയം; ആലുവയില്‍ അച്ഛന്‍ വിഷം കൊടുത്ത 14കാരിക്ക് ദാരുണാന്ത്യം

ഇതര മതസ്ഥനെ പ്രണയിച്ചതിന്‍റെ പേരില്‍ അച്ഛന്‍ മര്‍ദിച്ച് വിഷം കുടിപ്പിച്ച മകള്‍ മരിച്ചു.ആലുവ കരുമാലൂര്‍ സ്വദേശിനിയായ പത്താംക്ലാസുകാരിയാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രതിയായ അച്ഛനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 29നാണ് സംഭവം.അതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പത്താംക്ലാസില്‍ പഠിക്കുന്ന മകള്‍ ഇതരമതസ്ഥനെ പ്രണയിക്കുന്നുണ്ടെന്നറിഞ്ഞ അച്ഛന്‍ ഒരു മാസം മുന്‍പ് ഇരുവരെയും വിലക്കിയിരുന്നു.എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍കണ്ടെടുക്കുകയും ഇതെച്ചൊല്ലി വീട്ടില്‍ വഴക്കാവുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മയെയും വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം കുട്ടിയെ അച്ഛന്‍ കമ്പിവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അച്ഛന്‍ പുറത്തേക്ക് പോയി.അമ്മ അകത്തുകയറി നോക്കിയപ്പോള്‍ കണ്ടത് അവശനിലയിലായ പെണ്‍കുട്ടിയെയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസിനോടാണ് അച്ഛന്‍ തന്നെ വിഷം കുടിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.മര്‍ദിച്ച ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നുവെന്നാണ് മൊഴി.
അത്യാസന്ന നിലയിലായിരുന്ന പെണ്‍കുട്ടി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ കോടതി അനുമതിയോടെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News