35 രാജ്യങ്ങൾ, 30000 കിലോ മീറ്റർ, 450 ദിവസങ്ങൾ, ഈ ലക്ഷ്യത്തോടെകേരളത്തിൽ നിന്ന് സൈക്കിളിൽ ഒറ്റക്ക് ലണ്ടനിലേക്ക് തിരിച്ച യുവാവിന്റെ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് ആർക്കിമിഡിക്‌സിന്റെയും പൈഥഗോറസിന്റെയും നാടായ ഗ്രീസിലാണ്. ഒരു വർഷം മുൻപാണ് മലയാളിയായ ഈ യുവാവിന്റെ ലണ്ടൻ കഥയുടെ തുടക്കം. അതും ഇതേ മാസം, ഇതേ തീയതിയിൽ. ഫായിസിന്റെ യാത്രയുടെ ലക്ഷ്യവും തികച്ചും വേറിട്ടത്. ലോക സമാധാനം, സീറോ കാർബൺ, മയക്ക് മരുന്നിനെതിരെയുള്ള ബോധവത്കരണം എന്നിവയാണ് ഫായിസിന്റെ സൈക്കിൾ യാത്രയുടെ ലക്ഷ്യം.
കോഴിക്കോടുകാരനായ ഫായിസ് അഷ്‌റഫിന്റെ യാത്രക്ക് പച്ചക്കൊടി ഉയർന്നത് തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞവർഷം ഓഗസ്റ്റ് 15 നായിരുന്നു. മന്ത്രി വി ശിവൻകുട്ടിയായിരുന്നു ഫായിസിന്റെ സൈക്കിളിലെ ലണ്ടൻ യാത്രക്ക് പച്ചക്കൊടി വീശിയത്. ഒരു വർഷത്തിനിടയിൽ എത്തിയ രാജ്യങ്ങളിൽ നിന്നെല്ലാം ഫായിസിനു ലഭിച്ചത് നിറഞ്ഞ സ്വീകരണമായിരുന്നു. ഇതിനോടകം 12 രാജ്യങ്ങൾ പിന്നിട്ടാണ് ഫായിസ് ഗ്രീസിലെത്തിയിരിക്കുന്നത്.
വിപ്രോയിൽ നെറ്റ്‌വർക് എൻജിനീയറായിരുന്ന ഫായിസ് ജോലി വിട്ട ശേഷമാണു സൈക്കിളിലെ ലോക സഞ്ചാരങ്ങൾക്കൊപ്പം കൂടിയത്. 34 കാരനായ ഫായിസിന്‍റെ രണ്ടാമത്തെ ദീര്‍ഘദൂര യാത്രയാണിത്. ആദ്യത്തേത് 2019 ഓഗസ്റ്റ് ഏഴിനായിരുന്നു. 104 ദിവസങ്ങള്‍ക്ക് ശേഷം ആ യാത്ര അവസാനിച്ചത് നവംബര്‍ 15 ന് സിംഗപ്പൂരില്‍ ആയിരുന്നു.
സൈക്കിൾ യാത്രയിലൂടെ നമ്മുടെ ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും സംരക്ഷിക്കുവാൻ കഴിയും എന്ന ആശയവും കൂടി ഫായിസ് നൽകുന്നുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here