സ്കൂളിലെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കാൻ കഴിയാതെ സങ്കടപ്പെട്ട കുട്ടികളുടെ ആഗ്രഹം നിറവേറ്റി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പാങ്ങോട് കെ വി യുപി സ്കൂളിൽ വെച്ചുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സ്‌കൂൾ ബാൻഡിലുണ്ടായിരുന്നതിനാൽ കുട്ടികൾക്ക് പ്രാർത്ഥനാ ഗാനം ആലപിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സങ്കടപ്പെട്ടിരിക്കുന്ന കുട്ടികളെക്കണ്ടപ്പോൾ മന്ത്രി കാര്യം തിരക്കി.ഇതോടെ പ്രാർത്ഥനാ ഗാനം ആലപിക്കാൻ കൂട്ടികൾക്ക് അദ്ദേഹം സൗകര്യമൊരുക്കുക ആയിരുന്നു.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഞാനും ഡികെ മുരളി എംഎൽഎ അടക്കമുള്ളവരും. ചടങ്ങിൽ പ്രാർത്ഥനാ ഗാനം ആലപിക്കേണ്ടവർ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ അംന എസ് അൻസർ,അസ്ന ഫാത്തിമ എന്നിവരായിരുന്നു. അവർ സ്കൂൾ ബാൻഡ് സംഘത്തിലും ഉണ്ടായിരുന്നു. ബാൻഡ് വാദ്യം കഴിഞ്ഞ് തിരക്കിലൂടെ കുട്ടികൾ എത്തിയപ്പോഴേക്കും പ്രാർത്ഥനാ ഗാനം ആലപിക്കുന്ന കുട്ടികളെ ക്ഷണിച്ചെങ്കിലും കാണാത്തതിനാൽ ചടങ്ങ് മൗന പ്രാർത്ഥനയോടെ തുടങ്ങിയിരുന്നു. സ്വാഗത പ്രസംഗം ആരംഭിച്ചപ്പോഴാണ് കുട്ടികൾക്ക് വേദിക്ക് അരികിൽ എത്താനായത്.
ALSO READ; സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ
ചടങ്ങിൽ പ്രാർത്ഥന ചൊല്ലാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. കുഞ്ഞുങ്ങൾ കരയുന്നത് കണ്ടെങ്കിലും എന്താണ് സംഭവം എന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴാണ് അറിഞ്ഞത് പ്രാർത്ഥന ചൊല്ലാൻ കഴിയാത്തതിലുള്ള വിഷമമാണ് കുഞ്ഞുങ്ങൾക്ക് എന്ന്.എന്നാൽ പിന്നെ സ്വാഗതം കഴിഞ്ഞ് പ്രാർത്ഥന ആകാമെന്ന് അധ്യക്ഷന്റെ അനുമതിയോടെ ഞാൻ നിർദേശിച്ചു. അങ്ങനെ കുഞ്ഞുങ്ങൾ പ്രാർത്ഥന ചൊല്ലി.ഉദ്ഘാടനവും കഴിഞ്ഞ് കുഞ്ഞുങ്ങൾക്കൊപ്പം ഒരു ഫോട്ടോയും എടുത്തതാണ് ഞാൻ മടങ്ങിയത്.ആ കണ്ണുകളിലെ തിളക്കം ഞാൻ മറക്കില്ല.സ്നേഹം മക്കളെ…
അതേസമയം മന്ത്രിയുടെ ഈ നീക്കത്തെ അഭിനന്ദിക്കുകയാണ് ഏവരും. ഓരോ കുട്ടിയുടെ ഹൃദയത്തിലേക്ക് നോക്കുന്ന അദ്ദേഹം ഒരു നല്ലൊരു വിദ്യഭ്യാസ മന്ത്രി ആണ് എന്നതടക്കം നിരവധി പേർ അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here