ന്യൂസ്റൂമുകളെ ഗ്രസിക്കുന്നത് ജയില്‍ എന്ന ഭയം: ആര്‍.രാജഗോപാല്‍

ഇന്ത്യന്‍ ന്യൂസ്റൂമുകളെ ഗ്രസിക്കുന്നത് ജയില്‍ എന്ന ഭയമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാല്‍. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ സങ്കീര്‍ണമായ മാധ്യമ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ഓരോ ദിവസം കഴിയും തോറും മാധ്യമമേഖല കൂടുതല്‍ ഇരുളുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഭയമുള്ളവരായി മാറിയിട്ടുണ്ട്. വായനക്കാര്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്നതിന് കാരണമായി മാനേജമെന്റ് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് നേരിട്ട് മാനേജ്മെന്റ് പറഞ്ഞിട്ടില്ലെന്നും ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍.രാജഗോപാല്‍ പറഞ്ഞു.

Also Read: ദേവസ്വം ബോർഡ് നോട്ടീസ് വിവാദം; ബി മധുസൂദനൻ നായരെ സാംസ്കാരിക – പുരാവസ്തു വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ ഭയക്കുകയാണെന്ന് സെമിനാറില്‍ അധ്യക്ഷനായിരുന്ന ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്ക് എതിരെ യു.എ.പി.എ. വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തത്. ഭൂരിഭാഗം മാധ്യമങ്ങളും മോദിയുടെ ചൊല്‍പ്പടിക്ക് നിന്നപ്പോള്‍, അതിന് വഴങ്ങാത്ത നിലപാടെടുത്ത മാധ്യമങ്ങളെ വേട്ടയാടുന്നതിന് ഉദാഹരണമാണ് ന്യൂസ് ക്ലിക്കില്‍ നടന്ന റെയ്ഡും എഡിറ്ററുടെയും സഹപ്രവര്‍ത്തകരുടെ അറസ്റ്റും. പി.എം. കെയറിലേക്ക് ആരൊക്കെയാണ് സംഭാവന ചെയ്തത്, സംഭാവന ചെയ്ത പണം ആര്‍ക്കൊക്കെ, എന്തിനൊക്കെ വേണ്ടിയാണ് ചെലവഴിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി നല്‍കിയില്ല. പി.എം. കെയര്‍ സ്വകാര്യഫണ്ടാണെന്ന വിചിത്രമായ മറുപടിയാണ് പാര്‍ലമെന്റില്‍ ലഭിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

രാജ്യത്ത് മോദി ഭരണത്തില്‍ കീഴില്‍ 14 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയതായി ന്യൂസ്മിനുട്ട് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിനെതിരെ ബോധപൂര്‍വം വിദ്വേഷപ്രചാരണം നടത്തുന്ന ദേശീയമാധ്യമങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ പനയാല്‍ സെമിനാറിന് സ്വാഗതവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News