ആരെങ്കിലും വന്ന് എന്റെ തലയില്‍ വെടിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് അസം ഖാന്‍

അതീഖ് അഹമ്മദിനെപ്പോലെ തന്നെയും ആരെങ്കിലും വെടിവെച്ചു കൊലപ്പെടുത്തുക എന്നത് മാത്രമേ ബാക്കിയുള്ളു, ബാക്കിയെല്ലാമായെന്ന് സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ യുപി നിയമസഭാംഗവുമായ അസംഖാന്‍. രാംപൂര്‍ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഫാത്തിമ സാബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു ദീര്‍ഘനാളായി അസുഖബാധിതനായ അസം ഖാന്‍.

നിങ്ങള്‍ക്ക് എന്നില്‍ നിന്നും, എന്റെ മകനില്‍ നിന്നും, എന്റെ കുടുംബത്തില്‍ നിന്നും, എന്റെ ഭാര്യയില്‍ നിന്നും മറ്റെന്താണ് വേണ്ടത്?ആരെങ്കിലും വന്ന് എന്റെ തലയില്‍ വെടിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇനി അത് മാത്രമേ ബാക്കിയുള്ളു എന്നും പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. യുപിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റു മരിച്ച മുന്‍ എംപി അതീഖിനെ ഇല്ലാതാക്കിയ പോലെ തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അസംഖാന്‍ വ്യക്തമാക്കി.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ട എഎല്‍എയാണ് അസം ഖാന്‍. 2019ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാംപൂരില്‍ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനായിരുന്നു ഖാനെതിരെ കേസ് എടുത്തത്. സുവാര്‍ സീറ്റില്‍ നിന്നുള്ള നിയമസഭാംഗമായ അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ല അസമും അയോഗ്യനാക്കപ്പെട്ടിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. മേയ് 10നാണ് സുവാര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News