പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് ; സാധ്യത പരിശോധനയ്ക്ക് ഭരണാനുമതി, 1.50 കോടി അനുവദിച്ചു

വയനാട്ടിലേക്ക് ചുരത്തിന് ബദല്‍ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മാണ സാധ്യത പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. റോഡ് നിര്‍മാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികള്‍ക്ക് 1.50 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. വയനാട്ടിലേക്ക് ഗതാഗത കുരുക്കില്‍ പെടാതെയും ചുരം വഴിയല്ലാതെയും എളുപ്പത്തില്‍ എത്തുക എന്ന കാല്‍ നൂറ്റാണ്ടായുള്ള ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കാണ് ഇത് വഴിവെക്കുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റര്‍ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദല്‍ പാത. ഇതില്‍ 10.61 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലും 18.22കിലോമീറ്റര്‍ വയനാട് ജില്ലയിലും ആണ്.

ALSO READ:  പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: സിപിഐ(എം)

വനമേഖലയിലൂടെയുള്ളതായതിനാല്‍ 25 വര്‍ഷമായി സാങ്കേതിക കുരുക്കളില്‍പ്പെട്ട് മുടങ്ങികിടക്കുകയാണ് ഈ റോഡിന്റെ നിര്‍മാണം. ഈ പാത യാഥാര്‍ഥ്യമായാല്‍ മലയോരത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി അത് മാറും. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താല്‍ മതി എന്നതുമാണ് ഈ പാതയുടെ സവിശേഷത. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററില്‍ 12.940 കിലോമീറ്റര്‍ നിക്ഷിപ്ത വനഭൂമിയാണ്.

1990 ല്‍ മന്ത്രിസഭയുടെ അനുമതിയും 1992ല്‍ അനുബന്ധ പഠനവും പൂര്‍ത്തിയാക്കി 1994 സെപ്റ്റംബര്‍ 21 ന് ബദല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. പക്ഷേ പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിര്‍ത്തി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിര്‍മാണം വീണ്ടും നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.770 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിട്ടു നല്‍കിയിരുന്നു. എന്നിട്ടും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതാണ് റോഡിന്റെ നിര്‍മാണം നിലയ്ക്കാന്‍ കാരണം.

ALSO READ:  തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. കഴിഞ്ഞ നവകേരള സദസില്‍ ഈ പാത യാഥാര്‍ത്ഥ്യമാക്കേണ്ട ആവശ്യകതയെ കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിതന്നെ ഇക്കാര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് ഉദ്യോഗസ്ഥ തലത്തില്‍ വനം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ പ്രാഥമിക പരിശോധന നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ സാധ്യത പരിശോധിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ നടപടികളിലേക്ക് കടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News