യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിന് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം. 71.50 ബില്യൺ ദിർഹം ചെലവും അത്ര തന്നെ വരുമാനവും കണക്കാക്കുന്ന ബജറ്റിനാണ് എഫ്എൻസി അംഗീകാരം നൽകിയത്. സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്.
അടുത്ത വർഷത്തേക്കുള്ള യുഎഇയുടെ പൊതു ബജറ്റിനാണ് ഫെഡറൽ നാഷനൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. പൊതുബജറ്റിനെ വിവിധ സർക്കാർ വകുപ്പുകളുടെ ബജറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള കരടു നിയമത്തിനും എഫ്എൻസി അംഗീകാരം നൽകി.
സ്പീക്കർ സഖർ ഗൊബാഷിന്റെ അധ്യക്ഷതയിൽ ചേർന്ന എഫ്എൻസി യോഗം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യമന്ത്രി അബ്ദുൽറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, ധനമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു. ബജറ്റിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ഊന്നൽ. പെൻഷൻ അടക്കമുള്ള സുരക്ഷാ പദ്ധതികൾക്കായി 27.85 ബില്യൺ ദിർഹമാണ് നീക്കി വച്ചിട്ടുള്ളത്.
ആകെ ബജറ്റിന്റെ 39 ശതമാനവും ഈ മേഖലയ്ക്കാണ്. ഉന്നത വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണ പദ്ധതികൾ, പെൻഷൻ, പൊതുജനസേന പദ്ധതികൾ തുടങ്ങിയവയാണ് ഈമേഖലയിൽ ഉൾപ്പെടുക. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്കാണ് ബജറ്റിൽ രണ്ടാമത് പരിഗണന. 25.57 ബില്യൺ ദിർഹമാണ് ഈ മേഖലയുടെ വിഹിതം. ബജറ്റിന്റെ 35.7 ശതമാനമാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here