ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികപരമായ അധിക്ഷേപത്തിനെതിരെ നടി ഹണി റോസ് നടത്തുന്ന നിയമ പോരാട്ടത്തിന് പൂർണ്ണ പിന്തുണയുമായി ഫെഫ്ക. ഹണിറോസ് തുടങ്ങിവച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിന്‍റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായി ഞങ്ങൾ കാണുന്നതായും മുന്നോട്ടുള്ള പോരാട്ടത്തിന് ഹണിറോസിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേ സമയം, നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. പ്രതിയുമായി പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹണി റോസ് നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നടി നന്ദിയും രേഖപ്പെടുത്തി. പണത്തിന്‍റെ ഹുങ്കിനെതിരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
ALSO READ; ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പരാതി കൊടുത്തതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് അൽപ്പം മുൻപ് കൊച്ചി ഡിസിപി വ്യക്തമാക്കിയിരുന്നു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ പ്രത്യേക അന്വേഷണസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here