ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്‌നാട് തീരത്ത് കര തൊടും. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്കു സമീപമാണ് കരതൊടുക. ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ‘ഫെൻഗൽ’ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇത് കരതൊടുമ്പോൾ 90 കിലോമീറ്റര്‍ വേഗമാണുണ്ടാവുക.
ചുഴലിക്കാറ്റ് ജാഗ്രതയിൽ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമര്‍ദമായാണ് കരയില്‍ കടക്കുകയെന്നുമാണ് വ്യാഴാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞിരുന്നത്.
എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, കടലൂര്‍ മുതല്‍ ചെന്നൈ വരെയുള്ള തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്. കടൽത്തീരത്ത് പോകരുതെന്ന് അധികൃതര്‍ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകൾ കഴിയുന്നതും വീടിനുള്ളിൽ തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകി വീഴാനും സാധ്യതയുണ്ട്.
കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നൽ ജാഗ്രതയും കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നതിനാല്‍ കടലോരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റവന്യൂവകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here