‘വീർസാത് 24’ എന്ന പേരിൽ ഹിന്ദുത്വത്തിന്റെ താത്വികാചാര്യനും ഗാന്ധി വധക്കേസിൽ പ്രതിയുമായ ഒരാളുടെ പേരിൽ കലോത്സവം സംഘടിപ്പിക്കാനുള്ള കോഴിക്കോട് എൻ.ഐ.ടി അധികൃതരുടെ നീക്കം അത്യന്തം അപലപനീയവും നമ്മുടെ സാമ്രാജ്യത്വവിരുദ്ധ ദേശീയപാരമ്പര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് എളമരം കരീം എം.പി. മതനിരപേക്ഷതക്കും ജനാധിപത്യ ദേശീയതക്കും എതിരായി ജീവിതം മുഴുവൻ നിലകൊണ്ട സവർക്കറുടെ പേരിൽ കലോത്സവം നടത്താനുള്ള നീക്കങ്ങളിൽ നിന്ന് എൻ.ഐ.ടി അധികൃതർ പിൻമാറണമെന്നും പ്രസ്താവനയിൽ എളമരം കരീം ആവശ്യപ്പെട്ടു.
Also Read: ‘കൊല്ലത്ത് വിജയം ഉറപ്പ്; ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം’: എം മുകേഷ്
ജിന്നയെപോലെ ദ്വിരാഷ്ട്രവാദത്തിന്റെ വക്താവും ഹിന്ദുമഹാസഭാ നേതാവുമായിരുന്ന സവർക്കർ ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് വാദിച്ച വർഗീയവാദിയാണെന്ന യാഥാർത്ഥ്യം എൻ.ഐ.ടി അധികൃതർ മനസ്സിലാക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല ഒരു ബ്രിട്ടീഷ് ഉദേ്യാഗസ്ഥന്റെ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് അന്തമാൻ ജയിലിലെത്തിയ സവർക്കർ ബ്രിട്ടീഷുകാരെ പിന്തുണച്ചുകൊള്ളാമെന്ന ഉപാധിവെച്ച് മാപ്പെഴുതിക്കൊടുത്താണ് 1923-ൽ പുറത്തുവന്നത്. ദേശീയപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് സവർക്കർക്കുള്ളതെന്ന് പ്രസ്താവന ഓർമ്മിപ്പിക്കുന്നു.
എൻ.ഐ.ടി പോലുള്ള ഒരു ഉന്നത സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തിൽ നേരത്തെ നടന്നിരുന്ന രാഗം കലോത്സവത്തെയും സാങ്കേതിക മേളയായ തത്വയെയും അനിശ്ചിതത്വത്തിലാക്കിയാണ് സവർക്കറുടെ പേരിൽ മേള സംഘടിപ്പിക്കാൻ ഇപ്പോഴത്തെ എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ്കൃഷ്ണ മുൻകൈയെടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഡയറക്ടർ പ്രസാദ്കൃഷ്ണ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ അഭിമാനമായി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട പ്രൊഫ.ഷൈജ ആണ്ടവനെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടത് എൻ.ഐ.ടിയെ ഗോഡ്‌സെ ആരാധകരുടെയും സവർക്കറുടെ മതരാഷ്ട്രവാദ പ്രചാരണത്തിന്റെയും കേന്ദ്രമാക്കി മാറ്റിയിരിക്കുന്നുവെന്നാണെന്ന് പ്രസ്താവന പറയുന്നു. അക്കാദമിക് സ്ഥാപനങ്ങളെ വർഗീയപ്രചരണത്തിന്റെ കേന്ദ്രങ്ങളാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here